Quantcast

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസ്: കെ.എസ് ശബരീനാഥന് ജാമ്യം

വഞ്ചിയൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-07-19 14:34:16.0

Published:

19 July 2022 2:08 PM GMT

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസ്: കെ.എസ് ശബരീനാഥന് ജാമ്യം
X

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ അറസ്റ്റിലായ കെ.എസ് ശബരീനാഥന് ജാമ്യം. വഞ്ചിയൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാൻഡ് ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഫോൺ ഹാജരാക്കണമെന്നും 50,000 രൂപ കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു.

ശബരീനാഥൻ ഗൂഢാലോചനയിൽ ഭാഗമായതിന്റെ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വിമാനത്തിലുണ്ടായ നാടകങ്ങളുടെയെല്ലാം തുടക്കം ശബരിയുടെ സന്ദേശമാണ്. മുഖ്യമന്ത്രിക്കെതിരായ അതിക്രമത്തിന്റെ മാസ്റ്റർ ബ്രെയിൻ ശബരിയാണ്. ഫോൺ കിട്ടിയാൽ മാത്രമേ മറ്റാർക്കൊക്കെ ഇതിനകത്ത് പങ്കുണ്ടെന്ന് വ്യക്തമാവുകയുള്ളൂ എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ശബരിനാഥനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും സമർപ്പിച്ചു.

എന്നാൽ സ്‌ക്രീൻ ഷോട്ട് അല്ലാതെ വേറെ എന്ത് തെളിവാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. കസ്റ്റഡി ആവശ്യപ്പെടുന്നത് ഈ ഒരു സ്‌ക്രീൻ ഷോട്ടിന്റെ പിൻബലത്തിൽ അല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം ഫോൺ കസ്റ്റഡിയിൽ നൽകുകയാണെങ്കിൽ മൂന്ന് മിനിട്ടിനകം ഫോൺ ഹാജാരാക്കാൻ തയ്യാറാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. സർക്കാറിന് വേണ്ടി അഡ്വക്കേറ്റ് എ അബ്ദുൾ ഹക്കീമും ശബരീനാഥിന് വേണ്ടി മൃതുൽ മാത്യു ജോണുമാണ് ഹാജരായത്.

ശബരീനാഥന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വലിയ തുറ പൊലീസ് സ്റ്റേഷനിലേക്കും എ.ആർ ക്യാമ്പിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധം കണക്കിലെടുത്ത് എ.ആർ ക്യാമ്പിൽ നിന്ന് മറ്റൊരുവഴിയിലൂടെയാണ് ശബരിയെ കോടതിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. കേസിലെ നാലാം പ്രതിയായാണ് ശബരീനാഥിനെ കോടതിയിൽ ഹാജരാക്കിയത്. 120ബി ഗൂഢാലോചന 307 വധശ്രമം 332,334സി അതോടൊപ്പം വിവിധ വിമാനക്കമ്പനി നിയമങ്ങൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായതിന് പിറകേയാണ് ശബരീനാഥൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരീനാഥൻറെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. അറസ്റ്റ് ചെയ്ത രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിൽ ശബരീനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പിലെ കെ എസ് ശബരിനാഥന്റെ ആഹ്വാനമാണ് വിമാനത്തിലെ പ്രതിഷേധത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന പ്രോസിക്യൂഷൻ വാദം ശരിയാണെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. ഇതോടെയാണ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ ശബരിക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നത്.

TAGS :

Next Story