ഷോക്കേറ്റ് മരിച്ച വയോധികന്റെ കുടുംബത്തിന് പത്തുലക്ഷം ധനസഹായം പ്രഖ്യാപിച്ച് കെഎസ്ഇബി
ലൈൻ പൊട്ടിയ വിവരം കെഎസ്ഇബിയെ അറിയിച്ചിട്ടും ദിവസങ്ങളോളം തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചതിൽ കെഎസ്ഇബി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കൊല്ലയിൽ സ്വദേശി ബാബുവിന്റെ കുടുംബത്തിനാണ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ 5 ലക്ഷം രൂപ ഉടൻ കൈമാറും.
കഴിഞ്ഞ ദിവസമാണ് ബാബുവിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്. ഏതാനും ദിവസങ്ങളായി സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഒരു ലൈൻ പൊട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റാണ് ബാബു മരിച്ചതെന്ന് പിന്നീട് കണ്ടെത്തി. ബാബുവിന്റെ കയ്യിൽ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു.
ലൈൻ പൊട്ടിയ വിവരം കെഎസ്ഇബിയെ അറിയിച്ചിട്ടും ദിവസങ്ങളോളം തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് വരായമുട്ടം കെഎസ്ഇബി നാട്ടുകാർ ഉപരോധിക്കുകയും പ്രതിഷേധം കടുപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് കെഎസ്ഇബി പത്തുലക്ഷം ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ അഞ്ച് ലക്ഷം ഉടൻ കുടുംബത്തിന് കൈമാറുമെന്നും കെഎസ്ഇബി അറിയിച്ചു.
Adjust Story Font
16