ഇല ലൈനിൽ തട്ടിയെന്നപേരിൽ 406 കുലച്ച വാഴകൾ വെട്ടിനിരത്തി കെ.എസ്.ഇ.ബി
വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന വാഴകളാണ് വെട്ടിയത്.
കോതമംഗലം: വാഴയിലെ ലൈനിൽ തട്ടിയെന്ന പേരിൽ 406 കുലച്ച വാഴകൾ കെ.എസ്.ഇ.ബി വെട്ടിനിരത്തി. വാരപ്പെട്ടിയിൽ 220 കെ.വി ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷി ചെയ്തിരുന്ന വാഴകളാണ് ഒരു മുന്നറിയിപ്പുമില്ലാതെ കെ.എസ്.ഇ.ബി വെട്ടിനിരത്തിയത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്.
വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒമ്പത് മാസം പ്രായമായ വാഴകളാണ് വെട്ടിയത്. ദിവസങ്ങൾക്കകം വെട്ടി വിൽക്കാനാവുംവിധം മൂപ്പെത്തിയ കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകൻ അനീഷ് പറഞ്ഞു.
അതേസമയം അപകടം ഒഴിവാക്കാനാണ് വാഴ വെട്ടിയതെന്നും കർഷകനെ ദ്രോഹിക്കാൻ ചെയ്തതല്ലെന്നും മൂലമറ്റം കെ.എസ്.ഇ.ബി ലൈൻ മെയിന്റനൻസ് വിഭാഗം അധികൃതർ പറഞ്ഞു. ഈ തോട്ടത്തിൽ കഴിഞ്ഞ ദിവസവും രണ്ട് മാസം മുമ്പും വാഴയില മുട്ടി ലൈനിൽ ഫാൾട്ട് സംഭവിച്ചിരുന്നു. വാഴയിലക്ക് സാമാന്യത്തിലധികം ഉയരം ഉള്ളതുകൊണ്ട് കാറ്റുള്ളപ്പോൾ അപകടസാധ്യത മുന്നിൽകണ്ടാണ് വാഴ വെട്ടിയതെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
Adjust Story Font
16