Quantcast

ചെയർമാന്റെ വാദങ്ങൾ തെറ്റ്; ജാസ്മിൻ ബാനുവിന്റെ അവധി നിയമാനുസൃതമെന്ന് രേഖകൾ

'സംസ്ഥാനം വിട്ടു പോകാൻ ചെയർമാന്റെ അനുമതി വേണ്ട.ഒറ്റക്ക് പോയത് ചെയർമാന് ഇഷ്ടപ്പെട്ടില്ലെന്നുണ്ടോയെന്നും' ജാസ്മിന്‍

MediaOne Logo

Web Desk

  • Updated:

    2022-04-05 08:19:24.0

Published:

5 April 2022 6:21 AM GMT

ചെയർമാന്റെ വാദങ്ങൾ തെറ്റ്; ജാസ്മിൻ ബാനുവിന്റെ അവധി നിയമാനുസൃതമെന്ന് രേഖകൾ
X

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയര്‍ ജാസ്മിൻ ബാനു അവധിയെടുത്തത് നിയമാനുസൃതമാണെന്ന രേഖകൾ പുറത്ത്.ഡിസ്ട്രിബ്യൂഷൻ ഡയറക്ടർക്ക് സൗത്ത് ഡിവിഷൻ ചീഫ് എൻജീനിയർ നൽകിയ വിശദീകരണ കുറിപ്പാണ് പുറത്ത് വന്നത്. ചെയർമാൻ ആരോപിക്കുന്ന പോലെ ജാസ്മിൻ ബാബു അനധികൃതമായല്ല ലീവെടുത്തത്. മാർച്ച് 22 ന് അവധിയിൽ പോകുമെന്ന് ജാസ്മിൻ വാക്കാൽ പറഞ്ഞിരുന്നു. ഇതിന് പുറമെ ഫോർട്ട് ഡിവിഷനിലെ അസി.എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് പകരം ചുമതല കൈമാറുകയും ചെയ്തിരുന്നു. ജാസ്മിന്റെ അവധി രേഖാമൂലമാണെന്ന് നേരത്തെയും ബന്ധപ്പെട്ട അധികാരികൾ ചെയർമാൻ എന്നിവരോട് അറിയിച്ചിരുന്നുവെന്നും ഡിവിഷൻ ചീഫ് എൻജീനിയർ നൽകിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ ജാസ്മിൻ നിയമപ്രകാരമല്ലാതെ ലീവെടുക്കുകയും പകരം ചുമതല നൽകിയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കെ.എസ്.ഇ.ബി ചെയർമാൻ ജാസ്മിനെ സസ്‌പെന്റ് ചെയ്തത്.

അതേ സമയം എല്ലാ കാര്യങ്ങളും അറിയിച്ച ശേഷമാണ് ലീവെടുത്തതെന്നും ചെയർമാൻ പച്ചക്കള്ളം പറയുകയാണെന്നും ജാസ്മിൻ ബാബു പറഞ്ഞു. സംസ്ഥാനം വിട്ടു പോകാൻ ചെയർമാന്റെ അനുമതി വേണ്ട.ഒറ്റക്ക് പോയത് ചെയർമാന് ഇഷ്ടപ്പെട്ടില്ലെന്നുണ്ടോയെന്നും സംഘടന പ്രവർത്തകയായത് കൊണ്ട് നടപടിയെടുത്തതെന്നും ജാസ്മിൻ പറഞ്ഞു. സ്ത്രീയായതു കൊണ്ടു കൂടിയാണ് നടപടിയെടുത്തത്. പുരുഷനായിരുന്നുവെങ്കിൽ നടപടി ഉണ്ടാകില്ലായിരുന്നുവെന്നും ജാസ്മിൻ പറഞ്ഞു.

ജാസ്മിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ഇ.ബിയിലെ ഇടത് സർവീസ് സംഘടന ഇന്ന് ചെയർമാനെതിരെ സമരം നടത്തുകയാണ്. ചെയർമാൻ തനിക്ക് പറ്റിയ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ഇല്ലെങ്കിൽ സമരരീതി മാറുമെന്നും കെ.എസ്.ഇ.ബി.ഒ.എ പ്രസിഡന്റ് എം.ജി സുരേഷ് കുമാർ പറഞ്ഞു. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരം നേരിടാൻ ചെയർമാൻ ബി.അശോക് ഡയസ്‌നോൺ പ്രഖ്യാപിച്ചു.

ഉച്ച വരെയാണ് കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ പ്രതിഷേധം നടത്തുന്നത്. ഇത് രണ്ടാം തവണയാണ് ചെയർമാൻ ബി.അശോകനെതിരെ പ്രത്യക്ഷ സമരവുമായി ഇടത് സർവീസ് സംഘടനയെത്തുന്നത്. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻറെ സംസ്ഥാന ഭാരവാഹി കൂടിയായ ജാസ്മിൻ ബാനുവിനെ അകാരണമായി സസ്‌പെൻറു ചെയ്തതതാണെന്നും സ്ത്രീത്വത്തെ അവഹേളിക്കുന്ന നിലയിൽ ചെയർമാൻ നിലപാട് സ്വീകരിച്ചെന്നുമാണ് സംഘടനയുടെ പരാതി.

ബോർഡ് അനുവാദമില്ലാതെ ജാസ്മിൻ ബാനു ലീവെടുത്ത് സംസ്ഥാനത്തിന് പുറത്തുപോയതിനാണ് സസ്‌പെൻഡ് ചെയ്തതെന്ന് ചെയർമാൻ പറയുമ്പോൾ നിയമാനുസൃതമായിട്ടാണ് ലീവെടുത്തതെന്നും പകരം ചുമതല കൈമാറിയതാണെന്നും സംഘടന വാദിക്കുന്നു. ജീവനക്കാരും ചെയർമാനും തമ്മിൽ തുടരെ തുടരെയുണ്ടാകുന്ന തർക്കം ബോർഡിന്റെ ദൈനംദിന പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്. ചെയർമാന്റെ ഏകാധിപത്യ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇടത് സർവീസ് സംഘടനകളും ട്രേഡ് യൂണിയനും മുമ്പ് ദ്വിദിന പണിമുടക്ക് നടത്തിയത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.


TAGS :

Next Story