'ഐസ്‌ക്രീം പാർലറുള്ളത് അറിഞ്ഞില്ല'; കൊല്ലത്ത് ഒന്നേകാൽ ലക്ഷത്തിന്റെ ഐസ്‌ക്രീം ഉൽപന്നങ്ങൾ നശിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി
ഐസ്‌ക്രീം പാർലർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ യഥാർത്ഥ ഉടമക്ക് സന്ദേശം നൽകിയിരുന്നുവെന്നും അധികൃതർ
കൊല്ലം: കൊല്ലത്ത് 214 രൂപയുടെ വൈദ്യുതി ബിൽ തുക അടയ്ക്കാത്തതിന്റെ പേരിൽ യുവ സംരഭകന്റെ ഐസ്‌ക്രീം പാർലറിന്റെ ഫ്യൂസ് ഊരിയതിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി. ഐസ്‌ക്രീം പാർലർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ യഥാർത്ഥ ഉടമക്ക് സന്ദേശം നൽകിയിരുന്നുവെന്നും ഫോണിൽ വിളിച്ച് കിട്ടാതിരുന്നപ്പോഴാണ് സന്ദേശം അയച്ചതെന്നും അധികൃതർ പറഞ്ഞു. കെട്ടിടത്തിൽ ഐസ്‌ക്രീം പാർലർ പ്രവർത്തിക്കുന്നതായി അറിഞ്ഞിരുന്നില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
മുന്നറിയിപ്പില്ലാതെ സ്ഥാപനത്തിന്റെ ഫ്യൂസ് ഊരിയതോടെ ഒന്നേകാൽ ലക്ഷം രൂപയുടെ ഐസ് ക്രീം ഉൽപന്നങ്ങൾ നശിച്ചിരുന്നു. തുടർച്ചയായി രണ്ട് ദിവസം പകൽ വൈദ്യുതി ഇല്ലാതായതോടെയാണ് സാധനങ്ങൾ നശിച്ചത്. രണ്ട് മാസം മുൻപാണ് ആശ്രാമത്ത് അടഞ്ഞുകിടന്നിരുന്ന കട വാടകയ്ക്ക് എടുത്ത് തിരുവനന്തപുരം സ്വദേശിയായ രോഹിത് എബ്രഹാം ഐസ് ക്രീം പാർലർ തുടങ്ങിയത്. ഈ കടയിലേക്കുള്ള വൈദ്യുതി രണ്ട് ദിവസം മുൻപ് കെ.എസ്.ഇ ബി ഉദ്യോഗസ്ഥർ വിച്ഛേദിച്ചു. രാവിലെ 11 മണിക്ക് സ്ഥാപനത്തിലെത്തിയ ജീവനക്കാർ വൈദ്യുതി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. വൈകിട്ടായിട്ടും കറൻറ് വരാതായതോടെ ഇലക്ട്രീഷനെ വിളിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. പിറ്റേന്നും ഇങ്ങനെ ഉണ്ടായതോടെ കെ.എസ്.ഇ.ബി ഓഫീസിലെത്തിയപ്പോഴാണ് മുൻപുണ്ടായിരുന്ന കുടിശികയുടെ കാര്യം അറിയുന്നത്. രണ്ട് മാസം മുൻപുള്ള നിസാര കുടിശികയുടെ പേരിൽ യുവ സംരംഭകനായ തന്റെ മകന് ഒന്നര ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പിതാവ് റെൻ പറഞ്ഞു.
Adjust Story Font
16