'2 ലക്ഷം രൂപ കുടിശ്ശിക, ഒരു ഉത്തരവാദിത്തവുമില്ല'; കൊച്ചി കോർപറേഷന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
സോണൽ ഓഫീസിനോട് ചേർന്നുള്ള ഹെൽത്ത്, കുടുബശ്രീ ഓഫീസുകളിലേയും ഫ്യൂസ് കെഎസ്ഇബി ഊരി
കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ഫോർട്ടുകൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. രണ്ട് ലക്ഷം രൂപയുടെ കുടിശ്ശിക വന്നതാണ് നടപടിക്ക് കാരണം. സോണൽ ഓഫീസിനോട് ചേർന്നുള്ള ഹെൽത്ത്, കുടുബശ്രീ ഓഫീസുകളിലേയും ഫ്യൂസ് കെഎസ്ഇബി ഊരിയിട്ടുണ്ട്.
ഇന്ന് രാവിലെയോടെയാണ് കെഎസ്ഇബി ജീവനക്കാർ ഹെൽത്ത് ഓഫീസിന്റെയും കുടുംബശ്രീ ഉൾപ്പടെയുള്ള സോണൽ ഓഫീസുകളുടെയും ഫ്യൂസ് ഊരിയത്. നടപടിയിൽ കോർപറേഷൻ ജീവനക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു. നികുതിയടയ്ക്കാൻ എത്തിയവരുൾപ്പടെ ഏറെ നേരം നഗരസഭാ ഓഫീസിന് മുന്നിൽ കാത്തു നിൽക്കേണ്ട അവസ്ഥയുണ്ടായി. നഗരസഭാ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥയാണ് പൊതുജനങ്ങൾക്കടക്കം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതെന്ന് നഗരസഭാ പ്രതിപക്ഷം ആരോപിച്ചു.
കറന്റ് ബിൽ അടയ്ക്കാൻ പോലും ഉത്തരവാദിത്തം കാണിക്കാത്ത ഉദ്യോഗസ്ഥരാണ് കൊച്ചി കോർപറേഷൻ ഭരിക്കുന്നതെന്നാണ് വിഷയത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ പ്രതികരണം. സോണൽ ഓഫീസുകൾ കൂടാതെ കോർപറേഷൻ അനുബന്ധമായ പലയിടങ്ങളിലും ബിൽ കുടിശ്ശികയുണ്ടെന്നും ഉടൻ തന്നെ ഫ്യൂസ് ഊരൽ നടപടികൾ അവിടെയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16