മെല്ലെപ്പോക്കുമായി കെഎസ്ഇബി; റദ്ദാക്കിയ വൈദ്യുതി കരാർ പുനഃസ്ഥാപിക്കുന്നത് വൈകുന്നു
കെഎസ്ഇബി ഇതുവരെ റിവ്യു പെറ്റീഷൻ സമർപ്പിച്ചില്ല
തിരുവനന്തപുരം: റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി വാങ്ങൽ കരാർ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്കുമായി കെഎസ്ഇബി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുമ്പാകെ റിവ്യു പെറ്റീഷൻ സമർപ്പിക്കാൻ അപ്പല്ലേറ്റ് ട്രൈബ്യൂണൽ നിർദേശിച്ചെങ്കിലും ഇത് വൈകുകയാണ്. കരാർ പുനഃസ്ഥാപിച്ചാലും കരാറിൽ ഉൾപ്പെട്ട കമ്പനികൾ പഴയ നിരക്കിൽ വൈദ്യുതി നൽകുമോയെന്നത് പരിശോധിക്കുകയാണെന്നും ഈ ആഴ്ച തന്നെ പെറ്റീഷൻ സമർപ്പിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
കരാർ പുതുക്കാനുള്ള അനുമതി ലഭിച്ച് 10 ദിവസമായിട്ടും കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന് മുമ്പാകെ റിവ്യു പെറ്റീഷൻ സമർപ്പിക്കാനായിട്ടില്ല. നിയമവശങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തുന്ന പ്രവൃത്തി നടക്കുകയാണെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. കെഎസ്ഇബിയുടെ മെല്ലെപ്പോക്ക് റഗുലേറ്ററി കമ്മീഷൻ തീരുമാനം വൈകിപ്പിക്കും.
2015ൽ യുഡിഎഫ് സർക്കാർ ഒപ്പുവച്ച കരാർ ടെണ്ടർ നടപടികളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മെയ് മാസം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന കരാറിന്റെ ആവശ്യകത മനസ്സിലാക്കിയ സർക്കാർ, ഒക്ടോബർ 4ന് മന്ത്രിസഭ ചേർന്ന് കരാർ പുതുക്കാൻ റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു. കെഎസ്ഇബി അപ്പല്ലേറ്റ് ട്രൈബ്യൂണലിൽ ഹരജി സമർപ്പിച്ചതിനാൽ ഏകപക്ഷീയമായി കരാർ പുനഃസ്ഥാപിക്കാൻ കമ്മീഷന് അധികാരമില്ലെന്ന നിയമോപദേശം കുരുക്കായി. ഹരജിയിൽ സംസ്ഥാന സർക്കാരും കക്ഷി ചേർന്നു. ഒക്ടോബർ 30ന് കേസ് പരിഗണിച്ച അപ്പല്ലേറ്റ് ട്രൈബ്യൂണൽ കരാർ പുതുക്കുന്നത് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് വിധിക്കുകയും കെഎസ്ഇബിയോട് റഗുലേറ്ററി കമ്മീഷന് മുമ്പാകെ റിവ്യു പെറ്റീഷൻ സമർപ്പിക്കാനും നിർദേശിക്കുകയായിരുന്നു.
വൈദ്യുതി സബ്‌സിഡി തുടരും
സർക്കാർ നൽകുന്ന വൈദ്യുതി സബ്‌സിഡി തുടരാൻ മാർഗരേഖ തയ്യാറാക്കും. ഇതിനായി ഊർജ -ധനകാര്യ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് സർക്കാർ സ്ബ്‌സിഡി നൽകുന്നത്. ഇതിനായി സർക്കാർ പ്രതിവർഷം 403 കോടിരൂപ കെഎസ്ഇബിയ്ക്ക് നൽകണം. വിഷയം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. ഉപഭോക്താക്കളിൽ നിന്ന് കെഎസ്ഇബി പിരിക്കുന്ന വൈദ്യുതി തീരുവ സർക്കാർ ഖജനാവിലേക്ക് മാറ്റുമെന്നുള്ള ഉത്തരവാണ് സബ്‌സിഡി അനിശ്ചിത്വത്തിലാക്കിയത്. ഈ പിരിച്ചെടുക്കുന്ന 1200 കോടിയിലേറെ രൂപയിൽ നിന്നായിരുന്നു സബ്‌സിഡിയും പെൻഷനും കെഎസ്ഇബി നൽകിയിരുന്നത്.
Adjust Story Font
16