Quantcast

ദീർഘകാല കരാറുകള്‍ റദ്ദായതോടെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതരായി കെ.എസ്.ഇ.ബി

അടുത്ത ഒരു വര്‍ഷത്തേക്ക് 8 കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങുന്ന കരാര്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു

MediaOne Logo

Web Desk

  • Published:

    4 Aug 2023 5:04 AM GMT

kseb to buy electricity from 8 companies
X

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന കരാറുകള്‍ റദ്ദായതോടെ ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതരായി കെ.എസ്.ഇ.ബി. അടുത്ത ഒരു വര്‍ഷത്തേക്ക് 8 കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങുന്ന കരാര്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.

465 മെഗാ വാട്ടിന്‍റെ ദീര്‍ഘകാല കരാര്‍ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയതാണ് കെ.എസ്.ഇ.ബിക്ക് തിരിച്ചടിയായത്. 4 രൂപ 29 പൈസക്ക് മൂന്ന് കമ്പനികളാണ് കെ.എസ്.ഇ.ബിയുമായി കരാറിലേര്‍പ്പെട്ടിരുന്നത്. പുതിയ കരാറിനായി കെ.എസ്.ഇ.ബി ടെണ്ടര്‍ വിളിച്ചെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് പല വിതരണ കമ്പനികളും ക്വാട്ട് ചെയ്തത്. ഇതോടെയാണ് ഹ്രസ്വകാല കരാര്‍ മതിയെന്ന് കെ.എസ്.ഇ.ബി തീരുമാനമെടുത്തത്.

ഈ മാസം മുതല്‍ അടുത്ത വര്‍ഷം മെയ് വരെ പ്രതിമാസം 250 മെഗാവാട്ട് വൈദ്യുതി വരെ വാങ്ങാന്‍ 8 കമ്പനികളാണ് ടെണ്ടര്‍ നേടിയത്. യൂണിറ്റിന് 5 രൂപ 23 പൈസ മുതല്‍ 6 രൂപ 34 പൈസ വരെ കമ്പനികള്‍ ഈടാക്കും. അതായത് മുന്‍പത്തെക്കാള്‍ രണ്ടരക്കോടി രൂപ അധികമായി ഓരോ ദിവസവും കെ.എസ്.ഇ.ബിക്ക് ചെലവാകും. ദീര്‍ഘകാല കരാറിലുണ്ടായിരുന്ന ജിന്‍ഡാല്‍ പവറും പുതിയ കരാറിലുണ്ട്. 5 രൂപ 46 പൈസ വരെയാണ് അവര്‍ യൂണിറ്റിന് ഈടാക്കുക. കെ.എസ്.ഇ.ബിയുടെ അധിക ഭാരമെല്ലാം സര്‍ചാര്‍ജായി സാധാരണക്കാരന്‍റെ വയറ്റത്താണ് അടിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ട ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ ദുരൂഹതയുണ്ടെന്നാണ് കോണ്‍ഗ്രസ് അനുകൂല കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍റെ ആരോപണം.

ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ റഗുലേറ്ററി കമ്മീഷന്‍ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി ആപ്റ്റെല്ലിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. പകരം വാദം കേട്ട് തീരുമാനമെടുക്കാമെന്നാണ് ആപ്റ്റെല്‍ ഉത്തരവിട്ടത്.




TAGS :

Next Story