ചില്ലറയെണ്ണാൻ വയ്യ; ക്യാഷ് കൗണ്ടറുകൾ വെട്ടിക്കുറക്കാൻ കെ.എസ്.ഇ.ബി
ആധുനികവത്കരണത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിശദീകരണം.
തിരുവനന്തപുരം: ക്യാഷ് കൗണ്ടറുകള്‍ വെട്ടിക്കുറക്കാനൊരുങ്ങി കെ.എസ്.ഇ.ബി. ആധുനികവത്കരണത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിശദീകരണം. കെ.എസ്.ഇ.ബിയുടെ പട്ടാഴി സെക്ഷനില്‍ ബില്ലടക്കാന്‍ വാര്‍ഡ് മെമ്പർ പതിനായിരം രൂപയുടെ നാണയവുമായി പ്രതിഷേധിക്കാനെത്തിയതിന് പിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
കെ.എസ്.ഇ.ബിക്ക് സംസ്ഥാനത്ത് 776 സെക്ഷന്‍ ഓഫീസുകളാണുള്ളത്. ഇതില്‍ 400 ഓഫീസുകളില്‍ രണ്ട് ക്യാഷ് കൗണ്ടര്‍ വീതം പ്രവര്‍ത്തിക്കുന്നുണ്ട്. 6000 ഉപഭോക്താക്കളില്‍ കൂടുതലുള്ള സെക്ഷനുകളിലാണ് കൂടുതല്‍ കൗണ്ടറുകള്‍. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം ബില്‍ കലക്ഷന്‍ തുകയുടെ 29 ശതമാനം മാത്രമാണ് കൗണ്ടറുകളിലൂടെ കെ.എസ്.ഇ.ബിയുടെ കൈയ്യിലെത്തുന്നത്. ഓണ്‍ലൈനായും മറ്റ് സംവിധാനങ്ങളിലൂടെയുമാണ് ബാക്കി ഇടപാട്. 1500 രൂപക്ക് മുകളിലുള്ള ബില്ല് ഓണ്‍ലൈനായി മാത്രമാണ് ഇപ്പോള്‍ സ്വീകരിക്കുക. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനായിട്ടാണ് കൗണ്ടറുകള്‍ കുറക്കുന്നത്. കൗണ്ടറിലെ ജീവനക്കാരെ മാറ്റി നിയമിക്കും.
കൊല്ലം തലവൂര്‍ പഞ്ചായത്ത് രണ്ടാലുംമൂട് വാര്‍ഡ് ബി.ജെ.പി അംഗം സി.രഞ്ജിത്താണ് വാര്‍ഡിലെ ഒൻപത് വീട്ടുകാരുടെ ബില്ലടക്കാന്‍ ചില്ലറയുമായി പട്ടാഴി സെക്ഷനില്‍ എത്തിയത്. ദിവസവും 20 തവണയെങ്കിലും വാര്‍ഡില്‍ കറന്റ് പോകുമെന്ന് ആരോപിച്ചുള്ള പ്രതിഷേധമായിരുന്നു. നാണയത്തുട്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ ക്യാഷ് കൗണ്ടറിലെ ജീവനക്കാര്‍ നന്നേ കഷ്ടപ്പെട്ടു. എന്നാല്‍ ഇരുപത് തവണ കറന്റ് പോകുമെന്നത് കെ.എസ്.ഇ.ബി നിഷേധിച്ചിട്ടുണ്ട്.
Adjust Story Font
16