Quantcast

കണക്ക് പെരുപ്പിച്ച് കാട്ടി കെ.എസ്.ഇ.ബിയുടെ കള്ളക്കളി; കയ്യോടെ പൊക്കി റഗുലേറ്ററി കമ്മീഷൻ

ഇന്ധന സർചാർജ് പിരിക്കാൻ സമർപ്പിച്ച അപേക്ഷയിലാണ് കള്ളക്കണക്ക്. വീണ്ടും കണക്ക് സമർപ്പിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-07-17 04:12:00.0

Published:

17 July 2024 2:11 AM GMT

KSEB
X

തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന് പിരിക്കാനുള്ള സര്‍ചാര്‍ജ് കൂട്ടിക്കാണിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കണക്ക് കൊടുത്ത് കെ.എസ്.ഇ.ബി. ഈ കള്ളക്കളി റഗുലേറ്ററി കമ്മീഷൻ കയ്യോടെ പിടികൂടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കിലാണ് കെ.എസ്.ഇ.ബി തെറ്റായ വിവരം സമർപ്പിച്ചത്.

പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയത് വഴിയുണ്ടാകുന്ന അധിക ചെലവാണ് ഓരോ മാസവും ഇന്ധന സര്‍ചാര്‍ജായി കെ.എസ്.ഇ.ബി ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്നത്. യൂണിറ്റിന് 10 പൈസ വരെ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ കെ.എസ്.ഇ.ബിക്ക് ഈടാക്കാം. എന്നാല്‍ അതിന് മുകളില്‍ പിരിക്കണമെങ്കില്‍ റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണം.

ജനങ്ങളെ എത്ര പിഴിഞ്ഞാലും കെ.എസ്.ഇ.ബി പറയുന്നത് നഷ്ടം തീര്‍ന്നില്ലെന്നാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ സര്‍ചാര്‍ജ് പിരിച്ചിട്ടും പിന്നെയും 46.50 കോടി രൂപ നഷ്ടമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഇത് നികത്താന്‍ യൂണിറ്റിന് 23 പൈസ വെച്ച് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണമെന്നുള്ള അപേക്ഷയാണ് റഗുലേറ്ററി കമ്മീഷന്, കെ.എസ്.ഇ.ബി സമര്‍പ്പിച്ചത്.

എന്നാല്‍ ഈ മാസം 11ന് അപേക്ഷ പരിഗണിച്ച റഗുലേറ്ററി കമ്മീഷന്‍, കെ.എസ്.ഇ.ബി സമര്‍പ്പിച്ച കണക്കിലെ പിശക് ചൂണ്ടിക്കാട്ടി. കമ്മീഷന്റെ കണ്ടെത്തലില്‍ നഷ്ടംനികത്താന്‍ ഇനി പിരിച്ചെടുക്കാനുള്ളത് 38 കോടി മാത്രമെന്നാണ്. ഇതിന് മാസം പിരിക്കേണ്ടത് യൂണിറ്റിന് 18 പൈസയല്ലേ എന്ന് കമ്മീഷന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥേരോട് ചോദിച്ചു. തെറ്റ് ബോധ്യമായ ഉദ്യോഗസ്ഥരോട് വീണ്ടും കണക്ക് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കണക്ക് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ രണ്ടാഴ്ച കഴിഞ്ഞ് കമ്മീഷന്‍ ഇത് പരിഗണിക്കും. കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്ര സര്‍ചാര്‍ജ് പിരിക്കാന്‍ കമ്മീഷന്‍ അനുമതി നല്‍കില്ലെന്നാണ് സൂചന.

Watch Video Report


TAGS :

Next Story