കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡ്; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ
റെയ്ഡ് നടന്ന് എട്ടു മാസത്തിന് ശേഷമാണ് സർക്കാരിന് വിജിലൻസ് റിപ്പോർട്ട് നൽകിയത്.
കെ.എസ്.എഫ്.ഇ ശാഖകളിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ മാനേജർമാരടക്കമുള്ള ജീവനക്കാർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്ത് വിജിലന്‍സ്. റെയ്ഡ് നടന്ന് എട്ടു മാസത്തിന് ശേഷമാണ് സർക്കാരിന് വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നെങ്കിലും കേസെടുക്കേണ്ട എന്നാണ് തീരുമാനം.
ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ശാഖകളില്‍ കഴിഞ്ഞ നവംബര്‍ 27 ന് നടത്തിയ റെയ്ഡിന്‍റെ റിപ്പോർട്ടും നടപടി ശിപാർശയുമാണ് വിജിലൻസ് സർക്കാരിന് കൈമാറിയത്. 35 ശാഖകളിലായി നടന്ന റെയ്ഡിൽ കള്ളപ്പണം വെളുപ്പിക്കല്‍, പൊള്ളച്ചിട്ടികള്‍, ബിനാമി ഇടപാടുകള്‍ തുടങ്ങി ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.
ക്രമക്കേട് കണ്ടെത്തിയ ബ്രാഞ്ചുകളിലെ മാനേജർമാർക്കും ചില ജീവനക്കാർക്കുമെതിരെ നടപടി ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന.
റെയ്ഡ് നടത്തിയ വിജിലന്‍സ് യൂണിറ്റുകളില്‍ നിന്ന് റിപ്പോർട്ട് ലഭിക്കാത്തതാണ് സർക്കാരിലേക്ക് റിപ്പോർട്ട് കൈമാറുന്നത് എട്ടു മാസം വൈകിയതെന്നാണ് വിശദീകരണം. ധനവകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ നടന്ന റെയ്ഡ് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും, കെ.എസ്.എഫ്.ഇ ചെയര്‍മാനും തള്ളിപ്പറഞ്ഞിരുന്നു.
വിജിലന്‍സ് റെയ്ഡ് സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കിയതോടെ റെയ്ഡ് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വിജിലൻസ് റിപ്പോർട്ട് ലഭിച്ചതിനാൽ സർക്കാർ ഇതില്‍ എന്ത് തുടർനടപടി സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയം.
Adjust Story Font
16