വെള്ളാനയാകുമോ? കെ.എസ്.ആര്.ടി.സി കെട്ടിടം ബലപ്പെടുത്തല്‍ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക്
ശക്തിപ്പെടുത്തലിന് ശേഷം കെട്ടിടം അലിഫ് ബില്‍ഡേഴ്സിന് കൈമാറണമെന്ന് മാത്രമാണ് മിനുറ്റ്സില്‍ രേഖപ്പെടുത്തിയിട്ടുള്ളത്
കോഴിക്കോട് കെ.എസ്.ആര്.ടി.സി കെട്ടിട സമുച്ചയത്തിലുള്ള ബസ് സ്റ്റാന്‍ഡ് ബലപ്പെടുത്തലിന് ശേഷം തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ അനിശ്ചിതത്വം. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കായിബസ് സ്റ്റാന്‍ഡ് നിലവിലെ സ്ഥലത്തുനിന്ന് മാറ്റണമെന്ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം തീരുമാനിച്ചു. അറ്റകുറ്റപ്പണിക്കായി മറ്റു കച്ചവടക്കാരും ഒഴിയണമെന്നും മിനുട്സിലുണ്ട്. എന്നാല്‍ കെട്ടിടം ശക്തിപ്പെടുത്തിയതിന് ശേഷം ബസ് സ്റ്റാന്‍ഡ് തിരിച്ച് കൊണ്ടുവരുന്നതിനെക്കുറിച്ച് മിനുട്സില്‍ ഒന്നും പറയുന്നില്ല.
ശക്തിപ്പെടുത്തലിന് ശേഷം കെട്ടിടം അലിഫ് ബില്‍ഡേഴ്സിന് കൈമാറണമെന്ന് മാത്രമാണ് മിനുറ്റ്സില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കെട്ടിടം കെ.എസ്.ആർ.ടി.സിക്ക് നഷ്ടപ്പെടുമോ എന്ന ആശങ്ക മന്ത്രിസഭായോഗത്തില്‍ ധനവകുപ്പും പ്രകടിപ്പിച്ചിരുന്നു.
മദ്രാസ് ഐ.ഐ.ടിയുടെ നിർദേശാനുസരണം കോഴിക്കോട് കെ.എസ്.ആർ.ടി.സിയുടെ ബലക്ഷയം പരിഹരിച്ചാൽ പുനഃപ്രവേശനം പാട്ടക്കരാർ സ്ഥാപനമായ അലിഫ് ബിൽഡേഴ്സിന് മാത്രമാകും എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആശങ്ക. കെട്ടിടം ശക്തിപ്പെടുത്തൽ പ്രവൃത്തിക്കായി ബസ് സ്റ്റാന്‍ഡ് മാറ്റുന്നതോടൊപ്പം അലിഫ് ബിൽഡേഴ്സ്, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ ഒഴിപ്പിക്കും. പ്രവൃത്തി പൂർത്തിയായാൽ അലിഫ് ബിൽഡേഴ്സിനെ മാത്രം പുനഃപ്രവേശനിപ്പിക്കണമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം.
ബലക്ഷയപ്രശ്നത്തിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നന്നേക്കുമായി ഇവിടെനിന്ന് പുറത്തായേക്കുമെന്ന അഭ്യൂഹങ്ങളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിനുട്സ് പുറത്തിറങ്ങിയത്.
Adjust Story Font
16