കെ.എസ്.ആർ.ടി.സിക്ക് ശമ്പള വിതരണത്തിന് 30 കോടിയിലധികം നൽകാൻ കഴിയില്ല: ധനവകുപ്പ്
ഈ മാസം ഇതുവരെ കെഎസ്ആർടിസിക്ക് 232കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്
കെ.എസ്.ആർ.ടിസിക്ക് ശമ്പള വിതരണത്തിനായി 30 കോടിയിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി ധന വകുപ്പ്. എന്നാൽ 142 കോടി രൂപ പെൻഷൻ നൽകുന്നതിനും 60 കോടി രൂപ കൺസോർഷ്യം ലോൺ തിരിച്ചടവിനും 30 കോടി രൂപ ശമ്പളത്തിനും അനുവദിച്ചിട്ടുണ്ട്. തനത് ഫണ്ടിൽ നിന്നും ബാക്കി തുക കെ.എസ്.ആർ.ടി.സി കണ്ടത്തെണമെന്നും ധനവകുപ്പ് വ്യക്തമാക്കി. 77 കോടി രൂപയാണ് ശമ്പള വിതരണത്തിന് മാത്രം ആവശ്യമുള്ളത്.
ധനവകുപ്പ് 30 കോടി അനുവദിച്ചതോടെ വിഷുവിന് മുമ്പായി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം ഇതുവരെ കെഎസ്ആർടിസിക്ക് 232കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചതാകട്ടെ ആയിരം കോടി രൂപയും. അതേസമയം ശമ്പളം ലഭിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം. വിഷുവിന് മുൻപ് ശമ്പളം ലഭിച്ചില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് എഐടിയുസി മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 28ന് സൂചന പണിമുടക്ക് നടത്തുമെന്നും സിഐടിയു വ്യക്തമാക്കി. എല്ലാ മാസവും അഞ്ചിന് മുൻപ് ശമ്പളം നൽകുമെന്ന ധാരണ ലംഘിച്ചതായി സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. മാർച്ചിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. വിഷു, ഈസ്റ്റർ പോലുള്ള ആഘോഷങ്ങൾ വരാനിരിക്കേ, ശമ്പളം ലഭിക്കാതെ ജീവനക്കാർ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. കെ സ്വിഫ്റ്റിൽ എംപാനൽ ജീവനക്കാരെ നിയമിക്കുമെന്ന വാഗ്ദാനവും ലംഘിച്ചു. അതിനിടെ, സമരം പ്രഖ്യാപിച്ച ജീവനക്കാരുടെ സംഘടനകൾക്കെതിരെ ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തുവന്നു. സമരം ചെയ്താൽ പൈസ വരുമോയെന്ന് മന്ത്രി ചോദിച്ചു.
Adjust Story Font
16