'ഞാനവർക്ക് അച്ഛനോ ചേട്ടനോ ഒക്കെ ആയിരുന്നു, അത്രയും പാവപ്പെട്ട മനുഷ്യര്‍'; മുണ്ടക്കൈ ഗ്രാമത്തെ ഓര്‍ത്ത് നെഞ്ചുരുകി കണ്ടക്ടര്‍ മുഹമ്മദ് കുഞ്ഞി
''ഞങ്ങളിനി ജീവിച്ചിട്ടെന്ത് കാര്യമെന്താണെന്നാണ് അവിടെ ബാക്കിയായ മനുഷ്യര്‍ ഇപ്പോളെന്നോട് എന്നോട് ചോദിക്കുന്നത്''
മേപ്പാടി: മുണ്ടക്കൈ ഗ്രാമത്തെയും അവിടുത്തെ നല്ല മനുഷ്യരെയും കുറിച്ച് ഓർക്കുമ്പോൾ നെഞ്ചുരുകുകയാണ് മുഹമ്മദ് കുഞ്ഞി എന്ന കൊടുവള്ളിക്കാരന്‍. ഉരുൾപൊട്ടലിൽ ചൂരൽമല പാലത്തിനക്കരെ കുടുങ്ങിപ്പോയ കെഎസ്ആർടിസി ബസിലെ കണ്ടക്ടറാണ് മുഹമ്മദ് കുഞ്ഞി. കഴിഞ്ഞ 10,30 വർഷമായി മുണ്ടക്കൈയിലെ മനുഷ്യരെ മേപ്പാടിയിലും കൽപ്പറ്റയിലും എത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസാണിത്. ഉരുള്‍ദുരന്തം കവര്‍ന്നെടുത്ത ഒട്ടുമിക്ക മനുഷ്യരെല്ലാം ഈ ബസിലെ സ്ഥിരം യാത്രക്കാരായിരുന്നെന്നും മുഹമ്മദ് കുഞ്ഞി ഓര്‍ത്തെടുക്കുന്നു.
'10 വർഷത്തോളമായി ഞാന്‍ കണ്ടക്ടറായി ജോലി ചെയ്യുന്നു. ഒരു വർഷത്തിലധികമായി ആ റൂട്ടിൽ സർവീസ്‌നടത്തുന്നു.ആഴ്ചയിൽ മൂന്ന് ദിവസം അവിടേക്ക് സർവീസ് നടത്താറുണ്ട്. അവിടെയുള്ള ആളുകൾ ഉപ്പയെ പോലെ,അച്ഛനെപ്പോലെ,ചേട്ടനെപ്പോലെയാണ് പെരുമാറിയിരുന്നത്. ഉരുൾപൊട്ടലിന്റെ രണ്ടുമൂന്ന് ദിവസം മുന്നെ നല്ല മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. മഴക്കാലത്ത് നല്ല തണുപ്പായിരിക്കും.അതുകൊണ്ട് അവിടുത്തെആളുകൾ നേരത്തെ വീടുകൾ അണയാറുണ്ട്. ആസമയത്ത് ബസിലും ആളുകള്‍ കുറവായിരിക്കും'...മുഹമ്മദ് കുഞ്ഞി പറഞ്ഞു.
'അവിടെയുണ്ടായിരുന്ന മനുഷ്യരിലധികവും പുറം ജില്ലകളിൽ നിന്നും മറുനാടുകളിൽ നിന്ന് വന്നവരാണ്. അത്രയും പാവപ്പെട്ടവരാണ് ഒട്ടുമിക്ക പേരും.അവരുടെ എല്ലാമെല്ലാമാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്. ഞങ്ങള് ഇനി ജീവിച്ചിട്ടെന്ത് കാര്യമെന്താണെന്നാണ് അവിടെ ബാക്കിയായ മനുഷ്യര്‍ ഇപ്പോളെന്നോട് എന്നോട് ചോദിക്കുന്നത്. മരിച്ചവരിൽ അറിയുന്നവർ ഏറെയുണ്ട്. രാവിലെ മിക്കദിവസങ്ങളിലും ബസിൽ കയറാറുള്ള ഒരു വിദ്യാർഥിയുണ്ടായിരുന്നു. അവനും ആ ദുരന്തത്തിൽ മരിച്ചെന്നാണ് അറിയുന്നത്. ചൂരൽമലയിൽ നിന്നുള്ള സ്ഥിരം യാത്രക്കാരും അതുപോലെ ദുരന്തത്തില്‍ ഇല്ലാതായി'..വേദനയോടെ മുഹമ്മദ് കുഞ്ഞി ഓര്‍ക്കുന്നു.
Adjust Story Font
16