മേയർ - ഡ്രൈവർ തർക്കം; CCTV പരിശോധിക്കണമെന്ന യദുവിന്റെ ആവശ്യത്തിൽ ദുരൂഹതയെന്ന് പൊലീസ്
ഡ്രൈവർ മേയർക്കെതിരെ നൽകിയ രണ്ട് പരാതികളും പൊലീസ് പരിശോധിക്കുന്നുണ്ട്.
മേയർ ആര്യ രാജേന്ദ്രൻ, കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുളള തർക്കത്തിൽ സി.സി.ടി.വി പരിശോധിക്കണമെന്ന യദുവിന്റെ ആവശ്യത്തിൽ ദുരൂഹതയെന്ന് പൊലീസ്. കെ.എസ്.ആർ.ടി.സി ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ വൈകിയത്, ബസിൽ സി.സി.ടി.വി ഉണ്ടെന്ന് അറിയാത്തതു കൊണ്ടെന്നും പൊലീസ്. ഇന്നലെ പരിശോധിച്ച സി.സി.ടി.വി.യിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നോ എന്നത് ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു.
ഡ്രൈവർ മേയർക്കെതിരെ നൽകിയ രണ്ട് പരാതികളും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ പരാതികളിൽ ഇതുവരെ വസ്തുതകളില്ലെന്നാണ് പൊലീസ് നിലപാട്. ഇന്നലെയാണ് ബസിലെ സി.സി.ടി.വി പരിശോധിക്കണമെന്ന ആവശ്യം യദു ഉന്നയിച്ചത്. ഈ ആവശ്യം സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്കുശേഷം മാത്രമാണ് യദു മുന്നോട്ടുവെച്ചത്. ഇതിൽ ദുരൂഹതയുണ്ടെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്. എന്നാൽ ലൈംഗികാധിക്ഷേപം പോലെ ഗുരുതര സ്വഭാവമുള്ള പരാതി വന്നിട്ടും പൊലീസ് ആദ്യഘട്ടത്തിൽ സി.സി.ടി.വി പരിശോധിച്ചില്ല. ഇന്നലെയാണ് പരിശോധിച്ചത്. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളിൽ മാത്രമാണ് ക്യാമറയുണ്ടാവുക എന്ന നിഗമനത്തിലായിരുന്നു തങ്ങളെന്നാണ് പൊലീസ് ഇതിന് നൽകുന്ന മറുപടി. നാലുദിവസം വൈകിയ സി.സി.ടി.വി പരിശോധനയിൽ ഒന്നും കിട്ടിയില്ല.
യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്ന് പ്രാഥമികമായി വിശ്വസിക്കാൻ പൊലീസിന് മൂന്ന് കാരണങ്ങളാണുള്ളത്. ഒന്ന്, സംഭവസ്ഥലത്ത് നിന്നുകൊണ്ടുതന്നെ മേയർ പൊലീസിനെ വിളിച്ചുനൽകിയ പരാതി. രണ്ട്, തിരുവനന്തപുരം പ്ലാമൂട് ജംഗ്ഷനിൽ വെച്ച് ബസും കാറും വന്ന സ്ഥാനങ്ങൾ. ഈ സ്ഥാനങ്ങളിൽ നിന്ന് കാറിന്റെ പിറകിലെ സീറ്റിലുള്ളവർക്കും ബസ് ഡ്രൈവർക്കും പരസ്പരം കാണാൻ സാധിക്കും. മൂന്ന്, യദുവിന്റെ പേരിൽ മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ. എന്നാൽ യദു ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങൾ ലഭിക്കേണ്ടത് കേസിന്റെ സംബന്ധിച്ച് നിർണായകമാണ്. അതിന് സി.സി.ടി.വിയിൽ മുൻപ് മെമ്മറി കാർഡ് ഉണ്ടായിരുന്നോ ഇല്ലയോ എന്നത് ഉറപ്പിക്കണം. ക്യാമറ പ്രവർത്തിക്കണമെങ്കിൽ മെമ്മറി കാർഡ് വേണമെന്ന് നിർബന്ധമില്ല. ഇതിൽ വ്യക്തതയ്ക്ക് വേണ്ടി ഫൊറൻസിക് വിദഗ്ധരുടെ സഹായം തേടാൻ ഒരുങ്ങുകയാണ് പൊലീസ്.
Adjust Story Font
16