കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്ക് ശമ്പളമില്ലാത്ത വിഷു: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ
ശമ്പളം നൽകാനുള്ള തുക എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ പ്രതിസന്ധിയിലാണ് മാനേജ്മെന്റ്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്ക് ഇന്ന് ശമ്പളമില്ലാത്ത വിഷു. ആഘോഷങ്ങളൊഴിവാക്കി പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് തൊഴിലാളി യൂണിയനുകൾ. ശമ്പളം നൽകാനുള്ള തുക എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ പ്രതിസന്ധിയിലാണ് മാനേജ്മെന്റ്.
വിഷുവും ഈസ്റ്ററും നഷ്ടപ്പെട്ടു. മാസാവസാനമെങ്കിലും ശമ്പളം നൽകുമോയെന്നാണ് ജീവനക്കാരുടെ ചോദ്യം. വരുമാനം വകമാറ്റിയതാണ് കടുത്ത പ്രതിസന്ധിക്ക് കാരണമെന്ന് സി.ഐ.ടി.യു ആഭിമുഖ്യത്തിലുള്ള കെ.എസ്.ആർ.ടി.ഇ.എ ആരോപിക്കുന്നു. മാനേജ്മെന്റിനെ പിരിച്ചു വിടണമെന്നു വരെ അവർ ആവശ്യപെടുകയാണ്.
ഇന്നലെ മുതൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ റിലേ നിരാഹാരത്തിലാണ് സി.ഐ.ടിയു. മറ്റൊരു ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സിയുടെ കീഴിലുള്ള കെ.എസ്.ആർ.ടി.ഇ.യു സമരം കടുപ്പിക്കാൻ ഇന്ന് സംസ്ഥാന നേതൃ യോഗം ചേരും. പ്രതിപക്ഷ യൂണിയനായ ടി.ഡി.എഫും ഭാവി സമര പരിപാടികൾ ആലോചിക്കാൻ യോഗം ചേരുന്നുണ്ട്.
28ന് സി.ഐ.ടി.യുവും ബി.എം.എസും സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. ശമ്പളം നൽകാൻ കൂടുതൽ തുക നൽകണമെന്നാവശ്യപ്പെട്ട് നാളെ കോർപ്പറേഷൻ ധനവകുപ്പിനെ വീണ്ടും സമീപിക്കും.
Adjust Story Font
16