ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനം: കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് വരുമാനം
3941 ബസുകളാണ് തിങ്കളാഴ്ച സർവീസ് നടത്തിയത്
തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഇന്നലെ കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. 8.4 കോടി രൂപയാണ് കഴിഞ്ഞ ദിവസത്തെ വരുമാനം. 3941 ബസുകളാണ് തിങ്കളാഴ്ച സർവീസ് നടത്തിയത് .
സൗത്ത് സോണിൽ 1.3 കോടി രൂപയും സെൻട്രൽ സോണിൽ 2.8 കോടി രൂപയും നോർത്ത് സോണിൽ 2.39 കോടി രൂപയുമാണ് ലഭിച്ചത്.
പ്രതിദിന കളക്ഷൻ 5 കോടി നേടിയിരുന്ന സ്ഥാനത്താണ് ഇന്നലെ 8.4 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ. ഉത്സവ സീസണിൽ 7 കോടി രൂപവരെ കളക്ഷൻ നേടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം നേടുന്നത്.
ജില്ലാ അടിസ്ഥാനത്തിൽ കോഴിക്കോട് ആണ് മുന്നിൽ. 59.22 ലക്ഷം രൂപയാണ് കോഴിക്കോട് നിന്ന് മാത്രം ലഭിച്ചത്. ഡിപ്പോ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഡിപ്പോയാണ് ഏറ്റവുമധികം കളക്ഷൻ നേടിയത്. 52 ലക്ഷം രൂപയാണ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നുള്ള കളക്ഷൻ. ഇതിനൊപ്പം തന്നെ കെ-സ്വിഫ്റ്റിനും മികച്ച കളക്ഷൻ ലഭിച്ചു. 37 ലക്ഷം രൂപയാണ് സ്വിഫ്റ്റിന് മാത്രമായി ലഭിച്ചത്.
Adjust Story Font
16