കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു
ഫെബ്രുവരിയിലെ ശമ്പളത്തിന്റെ 50 ശതമാനമാണ് വിതരണം ചെയ്തത്.
ksrtc
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ശമ്പളത്തിന്റെ 50 ശതമാനമാണ് വിതരണം ചെയ്തത്. ഇന്ന് രാവിലെയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടിൽ പണം ക്രെഡിറ്റായത്.
അഞ്ചാം തിയ്യതി ശമ്പളം ലഭിക്കുമോ എന്ന കടുത്ത ആശങ്കയിലായിരുന്നു ജീവനക്കാർ. ഇതിൽ താൽക്കാലിക ആശ്വാസമായാണ് ആദ്യ ഗഡു വിതരണം ചെയ്തത്. ഇന്നലെ രാത്രി വരെ ശമ്പളം നൽകുന്ന കാര്യം പ്രതിസന്ധിയിലായിരുന്നു. രാത്രിയോടെ കെ.എസ്.ആർ.ടി.സിക്കുള്ള ജനുവരിയിലെ സർക്കാർ വിഹിതമായ 50 കോടിയിൽനിന്ന് 30 കോടി അനുവദിച്ചതിനെ തുടർന്നാണ് ശമ്പളം നൽകാനായത്.
ശമ്പളം വൈകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് സി.ഐ.ടി.യു തൊഴിലാളികൾ അടക്കം ശക്തമായ സമരം ആസൂത്രണം ചെയ്തിരുന്നു. ആദ്യ ഗഡുവായി 60-70 ശതമാനം തുക നൽകാനാവുമെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്‌മെന്റ്. എന്നാൽ സർക്കാർ വിഹിതം പൂർണമായും കിട്ടാത്തതിനെ തുടർന്നാണ് 50 ശതമാനം നൽകാൻ തീരുമാനിച്ചത്.
Adjust Story Font
16