കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം നാളെ വിതരണം ചെയ്യുമെന്ന് മാനേജ്മെന്‍റ്
ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവൻ ശമ്പളവും നൽകാനാണ് ശ്രമം.
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ ഇന്ന് അഘോഷമില്ലാത്ത ഈസ്റ്റർ ദിനം. ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നാളെയോടെ വിതരണം ചെയ്യാനാകുമെന്ന് മാനേജ്മെന്‍റ്. സർക്കാർ അനുവദിച്ച 30 കോടി ഉടൻ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവൻ ശമ്പളവും നൽകാനാണ് ശ്രമം.
25,000ത്തോളം വരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാർ 17 ദിവസമായി ശമ്പളമില്ലാതെ ജോലിയെടുത്തും സമരം ചെയ്തും ജീവിക്കുന്നു. ഇതിനിടയിൽ വിഷുവിനു കൈനീട്ടിയിട്ടും കൈനീട്ടമായി ഒരു രൂപ പോലും കൊടുക്കാന്‍ മാനേജ്‌മെന്‍റിനായില്ല. നാളെ വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് പുതിയ അറിയിപ്പ്. ധനവകുപ്പ് അനുവദിച്ച 30 കോടി ഗതാഗത വകുപ്പിന് കൈമാറി. അത് ഉടനെ കെ.എസ്.ആര്‍.ടി.സിക്ക് കൈമാറും.
ബാങ്കിൽ നിന്ന് 50 കോടിയുടെ ഓവർ ഡ്രാഫ്റ്റെടുത്ത് ശമ്പളം നൽകാനാണ് ശ്രമം. തൊഴിലാളി യൂണിയനുകൾ ഓരോ ദിവസവും സമരം കടുപ്പിക്കുകയാണ്. 28ന് ഭരണാനുകൂല സംഘടനകളും അടുത്ത മാസം 6ന് പ്രതിപക്ഷ സംഘടനയും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16