കെഎസ്ആർടിസി രണ്ടാം ഗഡു ശമ്പള വിതരണം അനിശ്ചിത്വത്തിൽ; ഗതാഗത മന്ത്രി പണം ആവശ്യപ്പെട്ട് ധനവകുപ്പിന് കുറിപ്പ് നൽകി
ഫെബ്രുവരിയിലെ വിഹിതം കൂടി ചേർത്ത് മൊത്തം 70 കോടി രൂപ സർക്കാർ സഹായം ലഭിക്കാനുണ്ട്
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കുള്ള ഫെബ്രുവരി മാസത്തെ രണ്ടാംഗഡു ശമ്പള വിതരണം അനിശ്ചിത്വത്തിൽ. ഗതാഗത മന്ത്രി ആൻറണി രാജു പണം ആവശ്യപ്പെട്ട് ധനവകുപ്പിന് കുറിപ്പ് നൽകി. ജനുവരി മാസത്തെ കെഎസ്ആർടിസിക്കുള്ള സർക്കാർ വിഹിതത്തിലെ ബാക്കി തുകയായ 20 കോടി എത്രയും വേഗം അനുവദിക്കണമെന്നഭ്യർത്ഥിച്ചാണ് മന്ത്രി ആൻറണി രാജു കുറിപ്പ് കൈമാറിയത്. ധനവകുപ്പ് ഇതിൽ തീരുമാനമൊന്നുമെടുത്തിട്ടില്ല.
ഫെബ്രുവരിയിലെ വിഹിതം കൂടി ചേർത്ത് മൊത്തം 70 കോടി രൂപ സർക്കാർ സഹായം ലഭിക്കാനുണ്ട്. സർക്കാർ ഉറപ്പിന്മേൽ ഫെഡറൽ ബാങ്കിൽ നിന്ന് 30 കോടി രൂപ ഓവർഡ്രാഫ്‌റ്റെടുത്താണ് ആദ്യ ഗഡു ശന്പളം നൽകിയത്. പിന്നീട് സർക്കാർ 30 കോടി നൽകിയതോടെ ഇത് അടച്ചു തീർത്തു. രണ്ടാം ഗഡു ഈ മാസം 15ന് ശേഷം ജീവനക്കാർ പ്രതീക്ഷിച്ചാൽ മതി.
ഗഡുക്കളായുള്ള ശമ്പള വിതരണത്തിലെ യൂണിയനുകളുടെ പ്രതിഷേധം തുടരുകയാണ്. നാളെ ബിഎംഎസ് യൂണിയൻ പണിമുടക്ക് തീയതി പ്രഖ്യാപിക്കും. 18ന് ഗതാഗത മന്ത്രിയുമായി സിഐടിയു വീണ്ടും ചർച്ച നടത്തുമെങ്കിലും 14, 15 തീയതികളിലായി ഭാവിസമര പരിപാടികൾ ചർച്ചചെയ്യാൻ അവരുടെ ഭാരവാഹി യോഗം ചേരുന്നതാണ്. സംയുക്ത സമരം എന്നതിൽ ടിഡിഎഫും 18ന് തീരുമാനമെടുക്കും.
Adjust Story Font
16