കെഎസ്ആർടിസി പണിമുടക്ക് തുടരുന്നു; ഹാജരാകുന്ന ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി നൽകി സർവീസ്
കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്.
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. എറണാകുളത്തും പാലക്കാടും കോട്ടയത്തും ഇത് വരെ ഒറ്റ സർവീസ് പോലും നടത്തിയില്ല. ബാക്കി ജില്ലകളിലും നാമമാത്ര സർവീസ് മാത്രമാണ് കെഎസ്ആർടിസി നടത്തുന്നത്. കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്.
സർക്കാർ അവഗണന തുടർന്നാൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ മുന്നറിയിപ്പ് നൽകി. അതേസമയം, പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി സി.എം.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് നിർദ്ദേശം.
വാരാന്ത്യ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ തിരികെ വീട്ടിൽ എത്തേണ്ടതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സർവീസുകൾ നടത്തും. ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കും. ദീർഘദൂര സർവീസുകൾ, ഒറ്റപ്പെട്ട സർവീസുകൾ, പ്രധാന റൂട്ടുകളിലെ സർവീസുകൾ എന്നിവ കേന്ദ്രീകരിച്ച് കൂടുതൽ ഗതാഗത സൗകര്യമൊരുക്കും.
Adjust Story Font
16