'ഈ നില തുടർന്നാൽ അടച്ചുപൂട്ടേണ്ടിവരും'; ഇന്ധനനിരക്കിൽ സുപ്രീംകോടതിയെ സമീപിച്ച് കെ.എസ്.ആർ.ടി.സി
വിപണിവിലയെക്കാളും കൂടുതൽ തുക ഡീസലിന് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെയാണ് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്
ന്യൂഡൽഹി: ഇന്ധനം വിപണിവിലയ്ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സുപ്രിംകോടതിയെ സമീപിച്ചു. വിപണിവിലയെക്കാളും കൂടുതൽ തുക ഡീസലിന് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെയാണ് കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. ഈ നിലയിൽ മുന്നോട്ടുപോയാൽ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടേണ്ട സ്ഥിതിയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
അഭിഭാഷകനായ ദീപക് പ്രകാശ് മുഖേനെയാണ് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. വിപണിവിലയിൽ കെ.എസ്.ആർ.ടി.സിക്ക് ഇന്ധനം നൽകാൻ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് കൂടിയ നിരക്ക് ശരിവയ്ക്കുകയും ചെയ്തു. ഡിവിഷൻ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കേരളത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുടമകൾക്ക് വിപണിവിലയ്ക്കാണ് ഡീസൽ നൽകുന്നത്. എന്നാൽ, പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്ക് ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നൽകേണ്ടിവരുന്നുണ്ട്. ഇതുവഴി പ്രതിദിനം 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് സ്ഥാപനത്തിനു വരുന്നത്. ഡീസലിന് അധിക വില നൽകേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ഇത് കെ.എസ്.ആർ.ടി.സി തന്നെ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്ക നയിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
Summary: KSRTC submitted appeal in the Supreme Court seeking that the fuel be made available at market price
Adjust Story Font
16