Quantcast

ശമ്പളം നൽകില്ല; ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്ക് ശക്തമായി നേരിടാൻ കെ.എസ്.ആർ.ടി.സി

നിയമ ലംഘകർക്ക് എതിരെ ക്രിമിനൽ കേസെടുക്കുമെന്നും മാനേജ്മെന്റിന്റെ മുന്നറിയിപ്പുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-09-29 00:54:35.0

Published:

28 Sep 2022 3:29 PM GMT

ശമ്പളം നൽകില്ല; ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്ക് ശക്തമായി നേരിടാൻ കെ.എസ്.ആർ.ടി.സി
X

തിരുവനന്തപുരം: മിന്നൽ പണിമുടക്കിനെതിരായ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ പുതുതായി പ്രഖ്യാപിച്ച പണിമുടക്കിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി.

കെ.എസ്.ആർ.ടി.സിയിൽ ഒന്നാം തീയതി മുതൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) പ്രഖ്യാപിച്ച പണിമുടക്കിനെയാണ് മാനേജ്‌മെന്റ് ശക്തമായി നേരിടാൻ തീരുമാനിച്ചിരിക്കുന്നത്. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കും.

സമരക്കാർക്ക് സെപ്തംബറിലെ ശമ്പളം നൽകില്ല. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒക്ടോബർ ഒന്നു മുതൽ നടപ്പാക്കും. നിയമ ലംഘകർക്ക് എതിരെ ക്രിമിനൽ കേസെടുക്കുമെന്നും മാനേജ്മെന്റിന്റെ മുന്നറിയിപ്പുണ്ട്.

12 മണിക്കൂർ സിം​ഗിൾ ഡ്യൂട്ടിക്കെതിരെയാണ് യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യൂണിയനുകളും മാനേജ്മെന്റും തമ്മിൽ ചർച്ച നടക്കുന്നതിനിടെയാണ് പണിമുടക്കുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചിരിക്കുന്നത്.

12 മണിക്കൂർ സിം​ഗിൾ ഡ്യൂട്ടി പിൻവലിക്കും വരെ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ‌കോൺ​ഗ്രസ് അനുകൂല യൂണിയനായ ടി.ഡി.എഫിന്റെ തീരുമാനം.

ജൂൺ 26ന് തിരുവനന്തപുരത്ത് മിന്നൽ പണിമുടക്ക് നടത്തിയതിന് കെ.എസ്.ആർ.ടി.സി യൂണിയനുകൾക്കെതിരെ ഇന്ന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രം​ഗത്തെത്തിയിരുന്നു. യൂണിയനുകൾക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി.

ചെറിയ നടപടി പോരാ. സർവീസിൽ നിന്ന് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദേശം. ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സിയോട് നിലപാട് അറിയിക്കാനും കോടതി നിർദേശിച്ചു.‌‌ പണിമുടക്ക് നടത്തിയവരിൽ നിന്നും കടുത്ത പിഴ ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

കെ.എസ്.ആര്‍.ടി.സിയെ നിയന്ത്രിക്കുന്നത് യൂണിയന്‍ അല്ലല്ലോ, മാനേജ്‌മെന്റ് അല്ലേ എന്ന് കോടതി ചോദിച്ചു. ഈ സാഹചര്യത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ പ്രഖ്യാപിച്ച പണിമുടക്കിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.

TAGS :

Next Story