Quantcast

'ആവശ്യമായ പരിഗണന കിട്ടുന്നില്ല': കെ.പി.സി.സി നേതൃത്വത്തിനെതിരെ പരാതിയുമായി കെ.എസ്.യു

സർക്കാരിനെതിരായ സമീപകാല സമരപോരാട്ടങ്ങൾ വിശദീകരിച്ച ശേഷമായിരുന്നു കെ.എസ്.യു നേതൃത്വത്തിന്റെ വിമർശനം.

MediaOne Logo

Web Desk

  • Updated:

    2024-01-21 08:04:12.0

Published:

21 Jan 2024 8:03 AM GMT

KSU- Indhira Bhavan
X

തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തിനെതിരെ വിമർശനവുമായി കെ.എസ്.യു. നേതൃത്വത്തിൽ നിന്ന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് കെ.എസ്.യു നേതാക്കളുടെ ആരോപണം. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി വിളിച്ച കെ.എസ്.യു നേതൃയോഗത്തിലാണ് പരാതികളും വിമർശനവും ഉയർന്നത്.

സർക്കാരിനെതിരായ സമീപകാല സമരപോരാട്ടങ്ങൾ വിശദീകരിച്ച ശേഷമായിരുന്നു കെ.എസ്.യു നേതൃത്വത്തിന്റെ വിമർശനം. അടുത്തകാലത്ത് നവകേരളാ സദസ്സിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുകയും സമരം നയിക്കുകയും ചെയ്ത കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പലരും അറസ്റ്റിലായി. എന്നാൽ ആവശ്യത്തിന് നിയമസഹായം ഇവർക്ക് നൽകാൻ കെ.പി.സി.സി നേതൃത്വം തയ്യാറാകുന്നില്ല.

പലപ്പോഴും ജാമ്യത്തുക കെട്ടിവെയ്ക്കാൻ പോലും കഴിയുന്നില്ല. അതിനാൽ ജാമ്യം ലഭിച്ചാൽപ്പോലും പുറത്തിറങ്ങാൻ വൈകുന്നു. ഇത് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നിലപാടാണ്. യൂത്ത് കോൺഗ്രസിന് കെ.പി.സി.സി ആവശ്യമായ പരിഗണന നൽകുന്നു. പ്രത്യേകിച്ച്, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് സാധാരണയിൽക്കവിഞ്ഞ പിന്തുണയാണ് നേതൃത്വം നൽകുന്നത്.

ഈ പരിഗണന തങ്ങൾക്കും വേണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം. ഇന്നലെ കെ.പി.സി.സി വിളിച്ചുചേർത്ത പോഷകസംഘടനകളുടെ യോഗത്തിലായിരുന്നു വിമർശനം. യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി പങ്കെടുത്തിരുന്നു. വിഷയം ഗൗരവത്തോടെ കാണണമെന്നാണ് ദീപാ ദാസ്മുൻഷി യോഗത്തിൽ പങ്കെടുത്ത കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്റെ അഭാവത്തിൽ വി.ടി ബൽറാം അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. സർക്കാരിനെതിരായ സമരങ്ങൾ തുടരാൻ പോഷക സംഘടനകൾക്ക് കെ.പി.സി.സി നിർദേശം നൽകിയതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസിന്റെ വിദ്യാർഥി സംഘടന തന്നെ രംഗത്ത് വന്നത്.

TAGS :

Next Story