കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം; കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു
കെ.എസ്.യു പ്രവർത്തകർ കൊടി കെട്ടുന്നത് എസ്.എഫ്.ഐ പ്രവർത്തകർ തടയുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു
കോഴിക്കോട്: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്റ് ലോ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. എസ്.എഫ്. ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കെ.എസ്.യു ആരോപിച്ചു.
കോളേജിൽ നടന്ന രക്ത ദാന ക്യാമ്പ് കഴിഞ്ഞ ഉടനെയാണ് സംഘർഷമുണ്ടായത്. കെ എസ് യു പ്രവർത്തകർ കൊടി കെട്ടുന്നത് എസ്.എഫ്.ഐ പ്രവർത്തകർ തടയുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. ക്ലാസ്സ് റൂമിന് പുറത്ത് നിൽക്കുകയായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് മർദനമേറ്റത്. ഇവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. കെ.എസ്.യു പ്രവർത്തകരായ ജോൺ അജിത്ത്, ജോർജ് കെ ജോസ്, സാബിർ അലി, നിഥുൽ ബാബു, എം.എസ്.എഫ് പ്രവർത്തകൻ ഇർഫാൻ അഷ്‌റഫ്, എ.ഐ.എസ്.എഫ് പ്രവർത്തകൻ അനൂജ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
സംഘർഷത്തിനിടെ എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ തെരഞ്ഞ്പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. എസ്.എഫ്.ഐ പ്രവർത്തകരും കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സ തേടി.
Adjust Story Font
16