കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് പദവിയൊഴിയും
അഞ്ചു വർഷം കഴിഞ്ഞിട്ടും പുനഃസംഘടന നടക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് പദവിയൊഴിയും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നേതൃത്വത്തിന് കത്ത് നൽകും. അഞ്ചു വർഷം കഴിഞ്ഞിട്ടും പുനഃസംഘടന നടക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.
2017ലാണ് അഭിജിത്തിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. കെ.എസ്.യുവിന്റെ ഭരണഘടനാ പ്രകാരമുള്ള കാലാവധി രണ്ട് വർഷം മാത്രമെന്നിരിക്കെ അഞ്ചുവർഷമായിട്ടും സംഘടനാ തെരഞ്ഞെടുപ്പ് നടന്നില്ല. കോഴിക്കോട് നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ കെഎസ്.യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനമെടുത്തിരുന്നു. രണ്ടാഴച്ചക്കുള്ളിൽ പുനഃസംഘടനാ നടപടികൾ ആരംഭിക്കുമെന്നതായിരുന്നു തീരുമാനം. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാമിനായിരുന്നു ഇതുമായി ബന്ധപ്പെട്ട ചുമതല. എന്നാൽ തീരുമാനം കൈകൊണ്ട് രണ്ട് മാസമായിട്ടും നടപടികളിലേക്ക് നീങ്ങിയില്ല. തുടർന്നാണ് അഭിജിത്ത് രാജിയിലേക്ക് നീങ്ങുന്നത്.
ഉച്ചക്ക് ഇന്ദിരാഭവനിൽ വെച്ച് നടക്കുന്ന കെ.എസ്.യു കലാശാലയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശനച്ചടങ്ങിനു ശേഷം അദ്ദേഹം രാജി സമർപ്പിക്കും.
Adjust Story Font
16