നിയമ വിദ്യാർഥികൾക്ക് പ്രത്യേക സർവകലാശാല വേണം: കെ.എസ്.യു
‘കെ.എസ്.യു നിലപാട് സംസ്ഥാന സർക്കാറിനെ അറിയിക്കും’
കൊച്ചി: സംസ്ഥാനത്തെ നിയമ വിദ്യാർഥികൾക്കായി പ്രത്യേക സർവകലാശാല വേണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഇക്കാര്യത്തിലെ കെ.എസ്.യു നിലപാട് സംസ്ഥാന സർക്കാറിനെ അറിയിക്കും. കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടന്ന നിയമ വിദ്യാർഥികൾക്കായുള്ള ലോകോസ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പല സർവകലാശാലകളും വിദ്യാർഥി വിരുദ്ധ സമീപനങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ്. സെമസ്റ്റർ പരീക്ഷാ ഫലങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കാൻ തയാറാകുന്നില്ലെന്ന് മാത്രമല്ല, പുനർമൂല്യനിർണയ ഫലങ്ങൾ വരുന്നതിന് മുമ്പായി സപ്ലിമെൻ്ററി പരീക്ഷക്കായുള്ള അപേക്ഷകൾ ക്ഷണിക്കുകയും ചെയ്യുന്നു. ഇത്തരം വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.
സംസ്ഥാന കൺവീനർ ശ്രീജിത്ത് പുലിമേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 21 നിയമ കലാലയങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത്.
ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുബാസ് ഓടക്കാലി, അൽ അമീൻ അഷ്റഫ്, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് കെ.എം. കൃഷ്ണലാൽ, സംസ്ഥാന ഭാരവാഹികളായ ജെയിൻ പൊട്ടക്കൻ, ജിഷ്ണു രാഘവ്, തൗഫീക്ക് രാജൻ, ജോയൽ ജോസഫ് എന്നിവർ സംസാരിച്ചു.
Adjust Story Font
16