Quantcast

നവകേരള സദസ്സിന് സ്കൂൾബസ്സുകൾ വിട്ടുനൽകാനുള്ള നിർദേശം പിൻവലിക്കണമെന്ന് കെ.എസ്.യു

ബസ്സുകൾ വിട്ടുനൽകാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-11-18 10:09:55.0

Published:

18 Nov 2023 7:13 AM GMT

നവകേരള സദസ്സിന് സ്കൂൾബസ്സുകൾ വിട്ടുനൽകാനുള്ള നിർദേശം പിൻവലിക്കണമെന്ന് കെ.എസ്.യു
X

തിരുവനന്തപുരം: നവകേരള സദസ്സിനു വേണ്ടി സ്കൂൾ ബസ്സുകൾ വിട്ടുനൽകാനുള്ള നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കെ.എസ്.യു കത്ത് നൽകി. ബസ്സുകൾ വിട്ടുനൽകാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയിരുന്നു.

നവകേരള സദസ്സിൽ സർക്കാർ, എയ്ഡഡ് അധ്യാപകരും പങ്കെടുക്കണമെന്ന് ഹയർ സെക്കൻഡറി കണ്ണൂർ മേഖലാ ഉപമേധാവി സർക്കുലർ ഇറക്കിയിരുന്നു. അധ്യാപകരുടെയും അനധ്യാപകരുടെയും പങ്കാളിത്തം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. നവകേരള സദസ്സിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് കാസർകോട് ജില്ലാ കലക്ടർ വ്യക്തമാക്കി. നവകേരള സദസ്സിൽ സർക്കാർ ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും കലക്ടർ കെ. ഇമ്പശേഖർ മീഡിയവണിനോട് പറഞ്ഞു. ജില്ലയിലെ സർക്കാർ ജീവനക്കാർ നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന കലക്ടറുടെ ഉത്തരവ് വിവാദമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ നടത്തുന്ന നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. കാസർകോട് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ വൈകീട്ട് 3:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും ഭാവിപ്രവര്‍ത്തനങ്ങളും വിശദീകരിക്കുകയും ജനങ്ങളുമായി നേരിട്ട് സംവദിക്കുകയുമാണ് നവകേരള സദസ്സിന്റെ ലക്ഷ്യം.

പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 30 മീറ്റര്‍ ഉയരത്തില്‍ ജര്‍മ്മന്‍ പന്തലാണ് ഒരുക്കിയത്. കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ അതാത് കൗണ്ടറുകൾ പ്രവർത്തിക്കും.

TAGS :

Next Story