Quantcast

അഡ്വ.സൈബി ജോസ് ജസ്റ്റിസ് സിറിയകിന്‍റെ മാനസപുത്രന്‍; ഇരുവരും തമ്മിലുള്ള കൂട്ടുകച്ചവടം അന്വേഷിക്കണമെന്ന് ജലീല്‍

ജസ്റ്റിസ് സിറിയക് ജോസഫും അഡ്വ. സൈബി ജോസ് കിടങ്ങൂരും തമ്മിലുള്ള കൈക്കൂലിപ്പണം വീതംവെച്ച് എടുത്തതിനെ കുറിച്ചും പുതിയ സാഹചര്യത്തിൽ അന്വേഷണം അനിവാര്യമാണ്

MediaOne Logo

Web Desk

  • Updated:

    2023-01-24 07:12:16.0

Published:

24 Jan 2023 7:09 AM GMT

Adv. Saiby Jose Kidangoor
X

അഡ്വ.സൈബി ജോസ്/ ജസ്റ്റിസ് സിറിയക് ജോസഫ്

കോഴിക്കോട്: ഹൈക്കോടതിയിലെ അഡ്വക്കറ്റ് അസോസിയേഷൻ്റെ പുതിയ പ്രസിഡന്‍റ് അഡ്വ: സൈബി ജോസ് കിടങ്ങൂരും ജസ്റ്റിക് സിറിയക് ജോസും തമ്മിലുള്ള കൂട്ടുകച്ചവടം അന്വേഷിക്കണമെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. സൈബിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് തീരാകളങ്കമാണ് ഇതേൽപ്പിച്ചിരിക്കുന്നതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ വൻ തോതിൽ പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഹൈക്കോടതി വിജിലൻസിന്‍റെ റിപ്പോർട്ട്. 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകി. ഒരു ജഡ്ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന് 25 ലക്ഷം ചെലവായിട്ടുണ്ട്. 15 ലക്ഷം രൂപയാണ് സൈബി ഫീസായി വാങ്ങിയത്. 5 ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്ന് മൊഴി.

സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും ഇയാൾ ആഡംബര ജീവിതമാണ് നയിച്ചതെന്നും ഹൈക്കോടതി വിജിലൻസിന്‍റെ റിപ്പോർട്ടിലുണ്ട്. സ്വന്തമായി മൂന്ന് ലക്ഷ്വറി കാറുകൾ ഉണ്ടെന്നും സൈബിയുടെ കക്ഷികൾ പ്രമുഖ സിനിമ താരങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കെ.ടി ജലീലിന്‍റെ കുറിപ്പ്

ജസ്റ്റിസ് സിറിയകും അഡ്വ. സൈബി ജോസും തമ്മിലുള്ള കൂട്ടുകച്ചവടവും അന്വേഷിക്കണം.

കേരള ഹൈക്കോടതിയിലെ അഡ്വക്കേറ്റ് അസോസിയേഷൻ്റെ പുതിയ പ്രസിഡന്‍റ് അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗുരുതരമാണ്. ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് കൈക്കൂലി കൊടുത്ത് അനുകൂല വിധി സമ്പാദിക്കാൻ ലക്ഷങ്ങൾ വാങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന ആക്ഷേപമാണ് പുറത്തുവന്നിരിക്കുന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് തീരാകളങ്കമാണ് ഇതേൽപ്പിച്ചിരിക്കുന്നത്.

നീതിമാൻമാരായ ഹൈക്കോടതി ന്യായാധിപന്മർ തന്നെയാണ് ആക്ഷേപവുമായി മുന്നോട്ടു വന്നിരിക്കുന്നത് എന്ന കാര്യം പ്രശ്നങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. അതേ തുടർന്ന് ഹൈക്കോടതി റജിസ്ട്രാർ നൽകിയ പരാതിയിലാണ് എറണാങ്കുളം സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ ഇതിനെക്കാൾ ഗൗരവമേറിയ ആരോപണങ്ങൾ നേരത്തെയും പറഞ്ഞ് കേട്ടിരുന്നു. ഇക്കാര്യം അഭിഭാഷകർക്കിടയിൽ രഹസ്യമായ പരസ്യമാണ്. ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന നാല് വർഷ കാലയളവിലും കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രണ്ടര വർഷക്കാലവും സുപ്രീംകോടതി ജഡ്ജിയായ മൂന്നേമുക്കാൽ വർഷ കാലയളവിലും അനുകൂല വിധി വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരിൽ നിന്ന് കോടികൾ സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയതായി വ്യാപകമായ ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.

ഇക്കാലയളവിൽ ജസ്റ്റിസ് സിറിയക് ജോസഫ് നടത്തിയ ക്വാറി മാഫിയകൾക്ക് അനുകൂലമായ വിധിന്യായങ്ങൾ ഉൾപ്പടെ പരിശോധനക്ക് വിധേയമാക്കിയാൽ സത്യാവസ്ഥ ബോധ്യപ്പെടും. ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ മാനസപുത്രനായാണ് അഡ്വ. സൈബി ജോസ് കിടങ്ങൂർ അറിയപ്പെടുന്നത്. ജസ്റ്റിസ് സിറിയക് ജോസഫും അഡ്വ. സൈബി ജോസ് കിടങ്ങൂരും തമ്മിലുള്ള കൈക്കൂലിപ്പണം വീതംവെച്ച് എടുത്തതിനെ കുറിച്ചും പുതിയ സാഹചര്യത്തിൽ അന്വേഷണം അനിവാര്യമാണ്.





TAGS :

Next Story