Quantcast

തീയണക്കാന്‍ ഫയര്‍ എഞ്ചിന്‍ മതിയാവില്ലെന്ന് ജലീല്‍; ഊതിയാല്‍ കെടുന്ന തീയണക്കാന്‍ ഫയര്‍ എഞ്ചിന്‍ വേണ്ടെന്ന് സലാം

സഹകരണ മേഖലയില്‍ ഇ.ഡി ഇടപെടുന്ന തരത്തില്‍ കെ.ടി ജലീല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതില്‍ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനെ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയത്.

MediaOne Logo

Web Desk

  • Published:

    9 Sep 2021 7:40 AM GMT

തീയണക്കാന്‍ ഫയര്‍ എഞ്ചിന്‍ മതിയാവില്ലെന്ന് ജലീല്‍; ഊതിയാല്‍ കെടുന്ന തീയണക്കാന്‍ ഫയര്‍ എഞ്ചിന്‍ വേണ്ടെന്ന് സലാം
X

എ.ആര്‍ നഗര്‍ ബാങ്കില്‍ ലീഗ് നേതാക്കള്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന ആരോപണത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമായി ജലീലും മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമും രംഗത്ത് വന്നതോടെ പോര് കനക്കുന്നു. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇ.ഡി ഇടപെടുന്നതില്‍ ജലീലിനെ മുഖ്യമന്ത്രി തള്ളിയതോടെയാണ് ജലീലിനെ പരിഹസിച്ച് പി.എം.എ സലാം രംഗത്ത് വന്നത്.

എ.ആര്‍ നഗര്‍ പൂരംഃ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുളള ഇടപെടലിനാല്‍ വളാഞ്ചേരി നിലയത്തില്‍ നിന്നുളള വെടിക്കെട്ടുകള്‍ താല്‍കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നു എന്നാണ് സലാം ചൊവ്വാഴ്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

ഇന്ന് രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ജലീല്‍ പി.എം.എ സലാമിന്റെ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തി. ചന്ദ്രിക ദിനപത്രത്തിന്റെ എക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് മൊഴികൊടുക്കാന്‍ പോകുന്നതിന് മുമ്പാണ് ജലീല്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്.

ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങള്‍ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ല്‍ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. 'ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്‌തേനെ' എന്ന വരികള്‍ എത്ര പ്രസക്തം!

ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.

AR നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാകാതെ വരും!?????? മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇമേജായി കൊടുത്തിരിക്കുന്നത്.-ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇതിന് മറുപടിയായി പി.എം.എ സലാം വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.

ഊതിയാല്‍ കെട്ട് പോകുന്ന തീയണക്കാന്‍ ആരെങ്കിലും ഫയര്‍ എഞ്ചിന്‍ വിളിക്കാറുണ്ടോ? NB.ഇതുംകൂടി സ്‌ക്രീന്‍ഷോട്ട് എടുത്ത് വെച്ചോളൂ, ആവശ്യം വന്നേക്കാം-സലാം പരിഹസിച്ചു.


സഹകരണ മേഖലയില്‍ ഇ.ഡി ഇടപെടുന്ന തരത്തില്‍ കെ.ടി ജലീല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതില്‍ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനെ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയത്.


TAGS :

Next Story