Quantcast

മുസ്ലിം - ക്രൈസ്തവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബിജെപി നീക്കം കരുതിയിരിക്കുക- കെ.ടി ജലീല്‍

ബിജെപിയെ വിമര്‍ശിക്കുന്നതിനോടൊപ്പം മുസ്‍ലിം ലീഗിനെയും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കടന്നാക്രമിച്ചു

MediaOne Logo

Web Desk

  • Published:

    24 May 2021 1:57 PM GMT

മുസ്ലിം - ക്രൈസ്തവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബിജെപി നീക്കം കരുതിയിരിക്കുക- കെ.ടി ജലീല്‍
X

ക്രൈസ്തവ സമുദായത്തില്‍ നുഴഞ്ഞുകയറാനും അവരുടെ പ്രീതി സമ്പാദിക്കുന്നതിനും ബിജെപി തൊടുത്തുവിട്ട കള്ള പ്രചാരണത്തിന് ചൂട്ടുപിടിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളതെന്നും കെടി ജലീല്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ബിജെപി ശ്രമിച്ചിരുന്നെന്നും ജലീല്‍ ആരോപണം ഉന്നയിക്കുന്നു.

ബിജെപിയെ വിമര്‍ശിക്കുന്നതിനോടൊപ്പം മുസ്‍ലിം ലീഗിനെയും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കടന്നാക്രമിച്ചു. സര്‍ക്കാര്‍ മുസ്‍ലിം പ്രാതിനിധ്യം ഉറപ്പുവരുത്തിയാല്‍ ഇല്ലാതാകുന്നത് മുസ്‍ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്‍പ്പ് കൂടിയാണ് എന്നും അദ്ദേഹം കുറിക്കുന്നു.

കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

മുസ്ലിം - ക്രൈസ്തവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബിജെപി നീക്കം കരുതിയിരിക്കുക

ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിലൂടെ ആ വകുപ്പിന്റെ ഗൗരവം വര്‍ദ്ധിച്ചിരിക്കുകയാണ്. വകുപ്പിനെ ചുറ്റിപ്പറ്റി ചില വിഭാഗങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും അർഹതപ്പെട്ടത് എല്ലാ വിഭാഗങ്ങൾക്കും ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. അക്കാര്യം എല്ലാ ന്യൂനപക്ഷ സംഘടനകൾക്കും ബോദ്ധ്യമാണ്. പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന്. അതിൻ്റെ ഭാഗമായാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ തീരുമാനത്തെ പ്രബലമായ എല്ലാ മുസ്ലിം സംഘടനകളും സ്വാഗതം ചെയ്തിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനകളായ ഇരു സുന്നി വിഭാഗങ്ങളും മുജാഹിദ് സംഘടനകളും മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തത് അതുകൊണ്ടാണ്. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും മാത്രമാണ് അതിന് വിരുദ്ധമായ ഒരു നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്. അതിന് പിന്നില്‍ ഇരുകൂട്ടര്‍ക്കും വ്യക്തമായ രാഷ്ട്രീയതാത്പര്യങ്ങളുണ്ട്.

ന്യൂനപക്ഷ ക്ഷേമവകുപ്പ് കേരളത്തില്‍ നിലവില്‍ വരുന്നത് വിഎസ് സര്‍ക്കാരിന്റെ കാലത്താണ്. അക്കാലംമുതല്‍ ഇന്നുവരെ ഒരേ മാതൃകയിലാണ് വകുപ്പിന്റെ കീഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ മുസ്ലിംങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി നിയമിക്കപ്പെട്ടിരുന്നു. ആ സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രസ്തുത കമ്മിറ്റി സമഗ്രമായ അതിൻ്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടാം യുപിഎ സര്‍ക്കാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചില നടപടികളിലേക്ക് കടന്നു. വിദ്യാഭ്യാസ തൊഴിൽ മേഖലകളിലുൾപ്പടെ സാമൂഹ്യ രംഗങ്ങളിൽ ഇന്ത്യയിലെ മുസ്ലിം ജനവിഭാഗം ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന് സച്ചാര്‍ കമ്മിറ്റി തെളിവുകളെ ആധാരമാക്കി കണ്ടെത്തിയിരുന്നു. ഈ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രണ്ടാം യുപിഎ സര്‍ക്കാര്‍ ചില പദ്ധതികള്‍ക്ക് രൂപം നൽകി.

ഇതുപ്രകാരം ഇന്ത്യയിലെ മുസ്ലിം സാന്ദ്രീകൃത മേഖലകളിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും ബംഗാളിലെ മുര്‍ഷിദാബാദിലും ബിഹാറിലെ കിഷണ്‍ഗഞ്ചിലുമായിരുന്നു ആ മുന്ന് കാമ്പസുകള്‍. കേരളത്തില്‍ അന്ന് അധികാരത്തിലിരുന്ന വിഎസ് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി 350 ഏക്കറോളം ഭൂമിയാണ് ഏറ്റെടുത്ത് നല്‍കിയത്.

തുടര്‍നടപടിയെന്ന നിലയില്‍ സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. അന്ന് ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ന്യൂനപക്ഷക്ഷേമം എന്നൊരു വകുപ്പുണ്ടായിരുന്നില്ല. ഇത് പരിഹരിക്കപ്പെടണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ ന്യൂനപക്ഷക്ഷേമ വകുപ്പുകൾ രൂപീകരിക്കണമെന്നും സച്ചാര്‍ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പിലാക്കാം എന്നതുസംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ വിഎസ് സര്‍ക്കാര്‍ നിയോഗിച്ചു. പാലോളി കമ്മിറ്റി ഗഹനമായ പഠനത്തിനൊടുവിൽ സുപ്രധാനമായ ഒരുപിടി നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍വെച്ചു. കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതുപോപോലെ കേരളത്തില്‍ അടിയന്തരമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കണം എന്ന ശുപാര്‍ശ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലും ശക്തമായിത്തന്നെ ആവര്‍ത്തിച്ചു. തുടർന്നാണ്

2011 ജനുവരിയില്‍ കേരളത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകൃതമാകുന്നത്. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായിരുന്നു ഞാനടക്കം അംഗമായിരുന്ന പാലോളി കമ്മിറ്റിയെ ഇടതുപക്ഷ സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. ആ അന്വേഷണത്തില്‍ ചില പ്രസക്തമായ കാര്യങ്ങള്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടു.

മുസ്ലിം വിഭാഗത്തില്‍ അഭ്യസ്തവിദ്യരായ ആളുകള്‍ ഉണ്ടെങ്കിലും മത്സരപരീക്ഷകളില്‍ അവര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളതായിരുന്നു അതില്‍ ഒന്ന്. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗ മേഖലകളില്‍ റിസര്‍വേഷന്റെ അനുപാതത്തിന് അനുസൃതമായിപ്പോലും പല മേഖലകളിലും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള പ്രാതിനിധ്യം ഇല്ലെന്നത് തെളിവെടുപ്പിനിടയിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. റിസര്‍വേഷന്‍ ക്വാട്ടയ്ക്കപ്പുറം ജനറല്‍ മെറിറ്റിലേക്ക് അവര്‍ക്ക് എത്താന്‍ ഇതുകൊണ്ടു തന്നെ കഴിഞ്ഞിരുന്നുമില്ല. അതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ പിഎസ്‌സി കോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ച് മുസ്ലിം യുവതീ യുവാക്കളെ മത്സരപരീക്ഷകള്‍ക്ക് തയ്യാറാക്കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. ആ ശുപാര്‍ശ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരളത്തിലാദ്യമായി മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് പിഎസ്സി കോച്ചിംഗ് നല്‍കുന്നതിനായി പരിശീലന കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്. അങ്ങനെ പയ്യന്നൂര്‍, കോഴിക്കോട്, പൊന്നാനി, ആലുവ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലായി അഞ്ച് സെന്ററുകള്‍ വിഎസ് സര്‍ക്കാരിന്റെ മുൻകയ്യിൽ ആരംഭിച്ചു.

നൂറുശതമാനവും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള കുട്ടികളായിരുന്നു ആ സെന്ററില്‍ പ്രവേശിപ്പിക്കപ്പെടേണ്ടിയിരുന്നതെങ്കിലും കമ്മിറ്റിയുടെ തീരുമാനപ്രകാരം മുസ്ലിം കുട്ടികള്‍ക്ക് മാത്രമായി എന്ന നയം വേണ്ട എന്നും 80-20 എന്ന അനുപാതത്തില്‍ മുസ്ലിം കുട്ടികളെയും, മറ്റ് ഇതര ന്യൂനപക്ഷങ്ങളിലെ പിന്നോക്കം നിൽക്കുന്ന വരെയും, ഇതരന്യൂനപക്ഷങ്ങളില്ലാത്തിടത്ത് ഭൂരിപക്ഷ മതസമുദായത്തിലെ പിന്നോക്കവിഭാഗക്കാരായ കുട്ടികളെയും പ്രവേശിപ്പിക്കാമെന്ന് കമ്മിറ്റി തീരുമാനിച്ചത്. ഒരു സ്ഥാപനത്തില്‍ മുസ്ലിംകുട്ടികള്‍ മാത്രം പഠിക്കുന്നതിനുപകരം മള്‍ട്ടി റിലീജിയസയായിട്ടുള്ള ഒരു ക്ലാസ്‌റൂമാണ് ആവശ്യമെന്ന് എല്ലാ അംഗങ്ങളും അഭിപ്രായപ്പെടുകയും കമ്മിറ്റി അത് ഒറ്റമനസ്സോടെ അംഗീകരിക്കുകയുമായിരുന്നു. ആദ്യ ഘട്ടത്തില്‍ ആ സെന്ററുകളുടെ പേര് തന്നെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് (സിസിഎംവൈ) എന്നായിരുന്നു. മുസ്ലിം യുവതീയുവാക്കളെ ലക്ഷ്യമിട്ടാണ് ആ സെന്ററുകള്‍ ആരംഭിച്ചതെന്നതിന്റെ തെളിവുകൂടിയായിരുന്നു ആ പേര്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്ക കാലത്ത് ഞാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ ആ പേര് കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്നാക്കി മാറ്റി. 20 ശതമാനത്തോളം മറ്റ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ പെടുന്ന കുട്ടികളുമുണ്ട് എന്ന പരിഗണനയിലായിരുന്നു മുസ്ലിം യൂത്തില്‍ നിന്ന് മെനോറിറ്റി യൂത്തിലേക്കുള്ള ആ പേരു മാറ്റം.

പാലോളി കമ്മിറ്റി കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ചപ്പോള്‍ മനസ്സിലാക്കിയ രണ്ടാമത്തെ കാര്യം മലബാര്‍ മേഖലയില്‍ പ്ലസ് ടു പഠനത്തിന് വേണ്ടത്ര സൗകര്യമില്ല എന്നുള്ളതായിരുന്നു. മലപ്പുറം ജില്ല ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ പ്ലസ്ടു സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം കമ്മിറ്റി മുന്നോട്ടുവെച്ചത് അതിൻ്റെ വെളിച്ചത്തിലാണ്. തുടര്‍ന്ന് എംഎ ബേബി വിദ്യഭ്യാസ മന്ത്രിയായിരിക്കെ വിഎസ് സര്‍ക്കാര്‍ കേരളത്തിലാദ്യമായി ഒരു മേഖലയ്ക്ക് മാത്രമായി പ്ലസ് ടു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു. അന്ന് മലബാര്‍ മേഖലയ്ക്കായി മാത്രം 180 ഹയർ സെക്കൻ്റെറി സ്‌കൂളുകളാണ് പുതുതായി ആരംഭിച്ചത്.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ്, പ്രൈവറ്റ് ഐടിഐകള്‍ ഒന്നും ഇല്ലാതിരുന്ന മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളില്‍ സാങ്കേതിക സ്ഥാപനങ്ങള്‍ കൂടുതല്‍ സ്ഥാപിക്കണം എന്നത് കമ്മിറ്റിയുടെ ശുപാര്‍ശകളിൽ മറ്റൊന്നായിരുന്നു. പ്രസ്തുത ശുപാര്‍ശപ്രകാരമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഗവണ്‍മെന്റ് ഐടിഐകള്‍ അനുവദിക്കപ്പെട്ടത്. മലപ്പുറം ജില്ലയില്‍ അതുവരെ അരീക്കോട് മാത്രമായിരുന്നു ഗവണ്‍മെന്റ് ഐടിഐ ഉണ്ടായിരുന്നത്. കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്ന് പുതിയ ഐടിഐകള്‍ ജില്ലയില്‍ നിലവില്‍ വന്നു. ചെറിയമുണ്ടത്തും മക്കരപ്പറമ്പിലും പൊന്നാനിയിലുമായിരുന്നു അവ. സ്വകാര്യരംഗത്ത് ഐടിസികള്‍ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കാതിരിന്ന സാഹചര്യത്തിനും മാറ്റമുണ്ടായി. പിന്നോക്ക മേഖലകളിലെല്ലാം തന്നെ ഐടിസികളും വരണമെന്ന കമ്മിറ്റി തീരുമാനമനുസരിച്ച് മലബാര്‍ മേഖലയില്‍ അമ്പതോളം ഐടിസികളാണ് സഖാവ് ഗുരുദാസൻ തൊഴിൽ വകുപ്പ് മന്ത്രിയായിരിക്കെ സ്ഥാപിതമായത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് പോസ്റ്റ് ഗ്രാജുവേറ്റ്, ഗവേഷണ രംഗങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ പല കാരണങ്ങൾ കൊണ്ടും കടന്നുവരാൻ വൈമുഖ്യം കാണിക്കുന്നു എന്നതായിരുന്നു കമ്മിറ്റിയുടെ വേറൊരു കണ്ടെത്തല്‍. ആ കുറവ് പരിഹരിക്കുന്നതിനായി പാവപ്പെട്ട മിടുക്കികളായ മുസ്ലിം പെൺകുട്ടികൾക്ക് പ്രത്യേകം സ്‌കോളര്‍ഷിപ്പുകളും സ്റ്റൈപെന്റുകളും ഏര്‍പ്പെടുത്തണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. ആദ്യഘട്ടത്തില്‍ ആയിരം പെണ്‍കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. പാവപ്പെട്ട മുസ്ലിംപെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് എന്ന നിലയില്‍ 10000 രൂപ പ്രതിവർഷം നല്‍കാനായിരുന്നു തീരുമാനം. വളരെക്കാലം മുൻപ് തന്നെ കേരളത്തിൽ മുസ്ലിം, നാടാർ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍തലത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്ന നടപടി ആരംഭിച്ചിരുന്നു. നാടാര്‍വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികളും മുസ്ലിം പെണ്‍കുട്ടികളും സ്‌കൂളിലേക്ക് വരാന്‍ മടിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ അവരെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നതിനാണ് അത്തരമൊരു സ്‌കോളര്‍ഷിപ്പ് അവർക്കു മാത്രമായി ഏര്‍പ്പെടുത്തിയത്. അന്നതിനെ ആരും ചോദ്യം ചെയ്തതായി കേട്ടിട്ടില്ല. അതിന്റെ തുടര്‍ച്ചെയെന്നോണം ഉന്നത വിദ്യാഭ്യാസ മേഖലയിലും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള പാവപ്പെട്ട പെണ്‍കുട്ടികള്‍ കടന്നുവരുന്നതിന് കളമൊരുക്കലായിരുന്നു മേൽ തീരുമാനത്തിന്റെ ലക്ഷ്യം.

നഴ്‌സിംഗ് മേഖലയില്‍ ഏറ്റവും കുറവ് പ്രാതിനിധ്യമുള്ളത് മുസ്ലിം സമുദായത്തില്‍ നിന്നാണെന്ന പൊതു അഭിപ്രായത്തിൻ്റെ പശ്ചാതലത്തിൽ മുസ്ലിം വിഭാഗത്തില്‍ നിന്ന് നഴ്‌സിംഗ് രംഗത്തേക്കുള്ള പ്രവേശനം പ്രോൽസാഹിപ്പിക്കാനുള്ള പദ്ധതിയായി നഴ്സിംഗ് സ്‌കോളര്‍ഷിപ്പും നടപ്പിലാക്കി. നാമമാത്ര എണ്ണമായിരുന്നിട്ട് കൂടി ഈ പദ്ധതിയും 80:20 ആനുപാതത്തിലാണ് നല്‍കിവരുന്നത്.

പൊതുമേഖലാസ്ഥാപനങ്ങളുടെ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരുടെ സാന്നിദ്ധ്യം കുറവാണെന്ന കാര്യം കമ്മിറ്റിയുടെ മുമ്പാകെ കൊണ്ടുവരപ്പെട്ടു. അത് നികത്താനാണ് കമ്മിറ്റി നിര്‍ദേശപ്രകാരം പൊതുമേഖലാസ്ഥാപനങ്ങളിലെ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളില്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ട് വിഎസ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കേരളത്തിലെ മുഴുവന്‍ മുസ്ലിംങ്ങള്‍ക്കും റിസര്‍വേഷന്‍ ലഭിച്ചിരുന്നപ്പോഴും മുസ്ലിം വിഭാഗത്തിലെ 'കച്ചി മേമൻ'‍ എന്ന മൈക്രോ മൈനോറിറ്റിക്ക് മാത്രം റിസര്‍വേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത വസ്തുത കമ്മിറ്റിയുടെ എറണാകുളം സിറ്റിംഗില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആ വിഷയം ഒരു ശുപാര്‍ശയായി പാലൊളി കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഉള്‍പ്പെടുത്തുകയും മുസ്ലിം റിസർവേഷൻ്റെ പരിതിയിൽ അവരെ ഉൾപ്പെടുത്തി വിഎസ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നതായിരുന്നു കമ്മിറ്റിയുടെ പ്രധാനമായ മറ്റൊരു ശുപാര്‍ശ. അതേ തുടർന്നാണ് മദ്രസാ അധ്യാപകരില്‍ നിന്നും, അവര്‍ ജോലിചെയ്യുന്ന മദ്രസകളില്‍ നിന്നും വിഹിതം വാങ്ങി മദ്രസാ അധ്യാപകര്‍ക്കും ക്ഷേമനിധി ഏർപ്പെടുത്താൻ ഇടതുപക്ഷ സർക്കാർ നിയമ നിർമ്മാണം നടത്തിയത്. സാധാരണയുള്ള എല്ലാ ക്ഷേമനിധികളെയും പോലെ ഒരുക്ഷേമനിധി എന്നതിനപ്പുറം സര്‍ക്കാരില്‍ നിന്ന് ഒരു അധികസഹായവും പദ്ധതിയ്ക്കായി ലഭിക്കുന്നില്ല. എന്നാൽ ഈ ക്ഷേമനിധിയുമായി ബന്ധപ്പെട്ട് വ്യാപകമായ വർഗീയ പ്രചരണമാണ് സംഘ്പരിവാർ നാട്ടിലെങ്ങും നടത്തിയത്. സാധാരണ ക്ഷേമനിധികളെല്ലാം ഏതെങ്കിലുമൊരു ബാങ്കുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ആ രീതിയില്‍ മദ്രസ്സാ ക്ഷേമനിധി ആരംഭിച്ച സമയത്ത് കോഴിക്കോട് കോപ്പറേറ്റീവ് ബാങ്കുമായാണ് കരാർ ഒപ്പിട്ടത്. എന്നാല്‍ പലിശയായി കിട്ടുന്ന വരുമാനത്തിൽ നിന്ന് ആനുകൂല്യങ്ങൾ നൽകുന്നതിനോട് മദ്രസാ അദ്ധ്യാപക സംഘടനകൾ താത്പര്യമില്ലായ്മ പ്രകടിപ്പിച്ചു. പലിശപ്പണം ആനുകൂല്യമായി ലഭിക്കുന്നത് മാനസികമായ പ്രയാസമുണ്ടാക്കുന്നു എന്ന് അവര്‍ സര്‍ക്കാരിനെ അറിയിച്ചു. അങ്ങിനെയാണ് മദ്രസ്സാദ്ധ്യാപക ക്ഷേമനിധി സര്‍ക്കാര്‍ ട്രഷറിയിൽ നിക്ഷേപിച്ച് 'ഇൻസൻ്റീവ്' നൽകാൻ തീരുമാനമായത്.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ സംഖ്യ ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുവേണ്ടി ലഭിക്കുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടായത്. അത്തരത്തില്‍ സര്‍ക്കാരിന് ചെലവഴിക്കാന്‍ ട്രഷറിയിലേക്ക് തരുന്ന പണത്തിന് ഒരു നിശ്ചിത സംഖ്യ ഇന്‍സെന്റീവ് നല്‍കുന്നതിനെയാണ് അവിഹിതമായി ഭീമമായ തുക മദ്രസ്സാ അദ്ധ്യാപകർക്ക് സര്‍ക്കാര്‍ നൽകുന്നുവെന്ന് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. ഇന്ന് മുപ്പതിനായിരത്തോളം അംഗങ്ങളാണ് ഈ ക്ഷേമനിധിയിലുള്ളത്. മദ്രസ്സാ അധ്യാപകരുടെയും മദ്രസ്സാ മാനേജ്മെൻ്റുകളുടെയും വിഹിതമായി സ്വരൂപിക്കപ്പെട്ട 25 കോടിയോളം രൂപയാണ് നിലവിൽ ട്രഷറിയിൽ നിക്ഷേപമായി ഉള്ളത്. ആ 25 കോടി ഏതെങ്കിലും ബാങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നതെങ്കിൽ സർക്കാർ ഇൻസൻ്റീവനേക്കാൾ അധികം തുക ലഭിക്കുമായിരുന്നു. അതുചെയ്യാതെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സർക്കാറിന് ഏതുസമയത്തും ഉപയോഗിക്കാൻ കഴിയുമാറ് പൊതുഖജനാവിൽ സൂക്ഷിച്ചത് മഹാപരാധമാണെന്നാണോ സംഘ് ഭാഷ്യം.

മുസ്ലിം ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിൻ്റെ പതിതാവസ്ഥക്ക് പരിഹാരം കാണാൻ നടപ്പിലാക്കിയ പ്രത്യേക പദ്ധതികളാണ് ചില ക്രൈസ്ത സഭകളുടെയും സംഘടനകളുടെയും തെറ്റിദ്ധാരണക്ക് വിധേയമായത്. ന്യൂനപക്ഷസമുദായങ്ങള്‍ക്ക് എല്ലാവര്‍ക്കുമായിട്ടാണ് പദ്ധതികളെന്നും സര്‍ക്കാര്‍ അതിന്റെ എണ്‍പത് ശതമാനം മുസ്ലിംങ്ങള്‍ക്ക് നല്‍കുകയാണെന്നുമുള്ള പ്രചാരണത്തിന് ചുക്കാൺ പിടിച്ചത് ബിജെപിയായിരുന്നു. കേരളത്തിന് അനുവദിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ പദ്ധതികള്‍ പോലും ഇത്തരത്തിലാണ് വിതരണം ചെയ്യുന്നതെന്ന പച്ചകള്ളം വ്യാപകമായി അവർ പ്രചരിപ്പിച്ചു. ദൗർഭാഗ്യവശാൽ അറിഞ്ഞോ അറിയാതെയോ ചിലർ അതിൽ വീണു പോയി.

ക്രൈസ്തവ സമുദായത്തില്‍ നുഴഞ്ഞുകയറാനും അവരുടെ പ്രീതി സമ്പാദിക്കുന്നതിനും ബിജെപി തൊടുത്തുവിട്ട കള്ള പ്രചാരണത്തിന് ചൂട്ടുപിടിക്കുന്ന നിലപാട് നമ്മുടെ മതനിരപേക്ഷ മൂല്യങ്ങളുടെ കടക്ക് കത്തി വെക്കുന്നതിന് തുല്യമാണ്. ഈ ദുഷ്പ്രചാരണത്തിലൂടെ ബി.ജ.പി ലക്ഷ്യമിട്ടത് ഒരുവെടിക്ക് രണ്ട് പക്ഷിയായിരുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളെ വേര്‍തിരിക്കുന്ന തോടൊപ്പം ന്യൂനപക്ഷങ്ങളിൽ ചേരിതിരിവും വർഗീയ ധ്രുവീകരണവും നടത്തി ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തെ പാട്ടിലാക്കാനായിരുന്നു അവർ ഉദ്ദേശിച്ചത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വിഭജനം കൊണ്ടുതന്നെ ബിജെപിക്ക് അധികാരത്തിലേ റാന്‍ സാധിക്കും. എന്നാല്‍ കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ജനസംഖ്യയിൽ പ്രബലമായതിനാൽ അവരിലെ ഏതെങ്കിലുമൊരു വിഭാഗത്തെ കൂടെനിർത്താതെ ഇവിടെ അധികാരത്തിലെത്താൻ വിദൂര സാധ്യതപോലും ഇല്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു നുണ പ്രചരണത്തിന് ബിജെപിയെ പ്രേരിപ്പിച്ചത്. മലയാളക്കരയിൽ അധികാരം പിടിക്കാൻ ന്യൂനപക്ഷവിഭാഗങ്ങളിലെ ഒരു കൂട്ടരെ കൂടെക്കൂട്ടാനാണ് ഇത്തരം നെറികെട്ട കളികൾ സംഘ് പരിവാർ നടത്തിയത്. ന്യൂനപക്ഷ അനുകൂല്യങ്ങൾ മുസ്ലിങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയത് മന്ത്രി എന്ന നിലയിൽ ഞാനാണെന്നാണ് ബിജെപി പാടിനടന്നത്.

കടുത്ത ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ ഒരംഗം എന്ന നിലയിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും അവർ കിണഞ്ഞ് ശ്രമിച്ചത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ എൻ്റെ തലക്കുമുകളിൽ വട്ടമിട്ടു പറന്നിട്ടും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റാതിരുന്നതും അതേ തുടർന്ന് നിരന്തരം കേന്ദ്ര ഏജൻസികളെ ഞാൻ വെല്ലുവിളിച്ചതും ബിജെപിയെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അതിൻ്റെ പ്രതിഫലനം കൂടിയായിരുന്നു എൻ്റെ മണ്ഡലത്തിൽ യുഡിഎഫിന് വോട്ട് മറിച്ച് നൽകാൻ മലപ്പുറം ജില്ലയിലെ ബിജെപിക്ക് സാമാന്യം നല്ല വോട്ടുള്ള തവനൂരിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ അണിയറയിൽ ഗൂഢാലോചന നടത്തിയത്. ലീഗും ബിജെപിയും എന്നെ തോൽപ്പിക്കാൻ തോളോടുതോൾ ചേർന്നു. ബേപ്പൂരിലെയും വടകരയിലെയും പരസ്യ സഖ്യത്തിൻ്റെ രഹസ്യ ആവിഷ്കാരമാണ് തവനൂരിൽ ഇരുകൂട്ടരും നടത്തിയത്. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ബിജെപിക്ക് തവനൂർ നിയമസഭാ മണ്ഡല പരിതിയിൽ നിന്ന് കിട്ടിയത് ഇരുപതിനായിരത്തോളം വോട്ടായിരുന്നു. അതിൻ്റെ തൊട്ടുമുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചതാകട്ടെ ഇരുപതിനായിരത്തിലധികം വോട്ടായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് കിട്ടിയത് ഒൻപതിനായിരത്തി തൊള്ളായിരം വോട്ടാണ്. ഏതാണ്ട് പതിനായിരത്തിലധികം വോട്ടാണ് തൽക്കാലത്തേക്ക് കോൺഗ്രസ്സ് കുപ്പായമിട്ട് കൈപ്പത്തി ചിഹ്നത്തിൽ എനിക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച മുസ്ലിംലീഗുകാരന് മറിച്ചു നൽകിയത്. തവനൂർ മണ്ഡലത്തിലെ ബിജെപി കേന്ദ്രങ്ങളിൽ അവർക്ക് കിട്ടിയ വോട്ടുകൾ പരിശോധിച്ചാൽ ലീഗു സംസ്ഥാന നേതൃത്വവുമായി ബിജെപി നേതൃത്വം നടത്തിയ കോടികളുടെ വോട്ടു കച്ചവടം സംശയലേശമന്യേ ബോധ്യമാകും. ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ ബിജെപി കേരളത്തിൽ ഒരു 'വോട്ടു വിൽപ്പന തെരുവ്' തുറക്കലായിരിക്കും അഭികാമ്യം. ആവശ്യക്കാർക്ക് വന്ന് പറയുന്ന പണം നൽകി വോട്ടും വാങ്ങി പെട്ടിയിലാക്കി പോകാമല്ലോ. കേരളത്തിലെ ബിജെപി നേതൃത്വം സഗൗരവം ഇക്കാര്യം ആലോചിക്കണമെന്നാണ് വിനീതമായ എൻ്റെ അഭ്യർത്ഥന.

കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതികളൊന്നും ന്യൂനപക്ഷവകുപ്പ് വഴിയല്ല വിതരണം ചെയ്യുന്നത്. കേന്ദ്രമാനവവിഭവശേഷി വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികൾക്ക് വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും അവർ നേരിട്ടാണ്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു നോഡൽ ഏജൻസി മാത്രമാണ്. അതല്ലാതെ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേയും ഗുണഭോക്താക്കളെ നിശ്ചയിക്കാനുള്ള അധികാരമോ അവകാശമോ ഇല്ല. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷവകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളിലൊന്നും 80-20 അനുപാതം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ സംസ്ഥാന ന്യൂനപക്ഷവകുപ്പിനോ കഴിയില്ല. ഉദാഹരണത്തിന് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ മുഖേന നൽകുന്ന വിവിധ വായ്പകൾ 80:20 അനുപാതമനുസരിച്ചല്ല നൽകുന്നത്.

എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ട അപേക്ഷകർക്കും വായ്പ ലഭിക്കും. ഒരുഘട്ടത്തില്‍ ക്രൈസ്തവ സഭകളും ചില സംഘടനകളും നിലവിലെ 80-20 അനുപാതം മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ക്രിസ്ത്യന്‍ ജനസംഖ്യ 18 ശതമാനവും, മുസ്ലിം ജനസംഖ്യ 26 ശതമാനവുമാണ്. അതിനനുസരിച്ച് അനുപാതം മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതുപ്രകാരം കാര്യങ്ങളുടെ നിജസ്ഥിതി അവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതുപ്രകാരമാണ് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന പ്രത്യേക പ്രശ്നങ്ങളും പിന്നോക്കാവസ്ഥയും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പാലോളി കമ്മിറ്റിക്ക് സമാനമായി റിട്ടയേഡ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ കമ്മിറ്റിയെ ഇടതുപക്ഷ സർക്കാർ നിയോഗിച്ചത്. പ്രസ്തുത കമ്മീഷൻ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. വൈകാതെ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രൈസ്തവ സമുദായത്തിലെ ഏതെങ്കിലും അവാന്തര വിഭാഗങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പിന്നോക്കാവസ്ഥയുണ്ടെങ്കില്‍ ആധികാരികമായ പഠനം തത്സംബന്ധമായി കോശി കമ്മീഷന്‍ നടത്തും. അതനുസൃതമായ ശുപാര്‍ശ കോശി കമ്മീഷൻ സർക്കാറിന് സമർപ്പിക്കും. അതിലെ പ്രസക്തമായ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അസന്നിഗ്ധമായി പറഞ്ഞിട്ടുമുണ്ട്. അങ്ങിനെ നടപ്പിലാക്കുന്ന പദ്ധതികളിലും സ്വാഭാവികമായും അനുവര്‍ത്തിക്കപ്പെടുന്ന മാനദണ്ഡം 80:20 എന്ന അനുപാതമായിരിക്കും. പാലോളി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നടപ്പിലാക്കപ്പെട്ട പദ്ധതികളില്‍ 80 ശതമാനം മുസ്ലിം സമുദായത്തിന് നൽകിയ പോലെ കോശി കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്പോള്‍ 80 ശതമാനം പ്രാതിനിധ്യം ക്രൈസ്തവ സമുദായത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായിരിക്കും. മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയ പോലെ ക്രൈസ്തവ സമുദായത്തിലെ ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് കോശി കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയാണെങ്കിൽ അതിൻ്റെ പ്രായോഗികതയും കൂടി പരിഗണിച്ച് അതും നടപ്പിലാക്കാൻ സർക്കാറിന് മടിയുണ്ടാവില്ല.

അതേസമയം, ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും ഒരു ജനവിഭാഗത്തിനും കുറയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യില്ല. ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എല്ലാ വിഷയങ്ങളിലും തുറന്ന സമീപനമാണുള്ളത്. എല്ലാ വിഭാഗം ആളുകളും അഭിവൃദ്ധിപ്പെടുകയും പുരോഗമിക്കുകയും വേണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഞാന്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ നടപ്പിലാക്കിയത് ഒന്നാം പിണറായി സര്‍ക്കാരിന്റെ നയമായിരുന്നു. ആരോടും അനീതി കാണിക്കാത്ത അതേ നയമായിരിക്കും ആ വകുപ്പ് ആര് കൈകാര്യം ചെയ്താലും നടപ്പിലാക്കപ്പെടുക. ഭൂരിപക്ഷ - ന്യൂനപക്ഷവിഭാഗങ്ങളോടും അവർക്കിടയിലെ അവാന്തര വിഭാഗങ്ങളോടും ഒരുപോലെ നീതികാണിച്ചുകൊണ്ടാകും ഇടതുപക്ഷ സര്‍ക്കാർ മുന്നോട്ടു പോവുക.

രണ്ടാം പിണറായി സര്‍ക്കാരിനെ ഒന്നിന്റെ പേരിലും അപകീര്‍ത്തിപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല. പ്രത്യേകിച്ച് മുസ്ലിംലീഗിന്. ലീഗ് നിലനില്‍ക്കുന്നത് തന്നെ മുസ്ലിം പ്രാധിനിധ്യം എല്ലാ മേഖലകളിലും ഉറപ്പുവരുത്താന്‍ ലീഗിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിൽ വേണം എന്ന വാദമുയര്‍ത്തിയാണ്. സത്യത്തില്‍ ഈ സര്‍ക്കാര്‍ തന്നെ ആ ആവശ്യം നിറവേറ്റിയാൽ അപ്രസക്തമാകുന്നത് മുസ്ലിംലീഗ് എന്ന സംഘടയുടെ രാഷ്ട്രീയ നിലനില്‍പ്പാണ്. ലീഗില്ലാതെ തന്നെ ലീഗ് മുസ്ലിം സമുദായത്തിന് വാങ്ങി നൽകുന്നു എന്നവകാശപ്പെടുന്ന ന്യായമായതും അർഹതപ്പെട്ടതുമായ ആനുകൂല്യങ്ങളും അവകാശങ്ങളും ബന്ധപ്പെട്ടവർക്ക് ഉറപ്പുവരുത്താൻ ഇടതുപക്ഷ പാർട്ടികൾക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവങ്ങളാണ് ആ ഉറപ്പിന് ആധാരമായി ഞാൻ കാണുന്നത്. അതുകൊണ്ടുതന്നെ മുസ്ലിം സമൂഹം ഇടതുപക്ഷ മതേതര പ്ലാറ്റ്‌ഫോം തന്നെയാകും ഭാവിയിൽ തെരഞ്ഞെടുക്കുക.


TAGS :

Next Story