Quantcast

'കുനിയാൻ പറഞ്ഞപ്പോൾ കാല് നക്കിയവർ'; കേന്ദ്രമന്ത്രി വിളിച്ച മാധ്യമമേധാവികളുടെ യോഗത്തിൽ വിമർശനവുമായി കെ.ടി ജലീൽ

''അടിയന്തരാവസ്ഥക്കാലത്ത് മുട്ടുകുത്താൻ പറഞ്ഞപ്പോൾ നിലത്തിഴഞ്ഞ മാധ്യമങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ മോദീ കാലത്ത് കുനിയാൻ പറഞ്ഞപ്പോൾ ഭരണകൂടങ്ങളുടെ കാല് നക്കുന്ന മാധ്യമങ്ങളെയാണ് നാം കാണുന്നത്''

MediaOne Logo

Web Desk

  • Published:

    9 July 2022 4:01 AM GMT

കുനിയാൻ പറഞ്ഞപ്പോൾ കാല് നക്കിയവർ; കേന്ദ്രമന്ത്രി വിളിച്ച മാധ്യമമേധാവികളുടെ യോഗത്തിൽ വിമർശനവുമായി കെ.ടി ജലീൽ
X

മലപ്പുറം: കേന്ദ്രമന്ത്രി അരുനാഗ് ഠാക്കൂർ കോഴിക്കോട്ട് വിളിച്ചുചേർത്ത മാധ്യമസ്ഥാപന മേധാവികളുടെ യോഗത്തിൽ വിമർശനവുമായി മുൻ മന്ത്രി കെ.ടി ജലീൽ. യോഗത്തിൽ ഇടത്, വലതു വിരുദ്ധ മാധ്യമങ്ങളെയും മുസ്‌ലിം സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളെയും കോൺഗ്രസ് നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളെയും ഒഴിവാക്കിയ കാര്യം മുഖ്യധാരാ മാധ്യമങ്ങൾ തമസ്‌കരിച്ചത് ഫാസിസം മീഡിയറൂമുകളിലേക്ക് കടന്നുകയറിയിട്ടുണ്ടെന്നതിന്റെ മികച്ച ഉദാഹരണമാണെന്ന് ജലീൽ വിമർശിച്ചു.

മീഡിയാ റൂമുകളിലിരുന്ന് മതേതര കുപ്പായമിട്ട് അഭിനയിച്ച് തകർക്കുന്നവരുടെ 'തനിനിറം' വെളിപ്പെടാൻ അവരുടെ അടിമ മനോഭാവം സഹായകമായി. അടിയന്തരാവസ്ഥക്കാലത്ത് മുട്ടുകുത്താൻ പറഞ്ഞപ്പോൾ നിലത്തിഴഞ്ഞ മാധ്യമങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ മോദീ കാലത്ത് കുനിയാൻ പറഞ്ഞപ്പോൾ ഭരണകൂടങ്ങളുടെ കാല് നക്കുന്ന മാധ്യമങ്ങളെയാണ് നാം കാണുന്നത്-ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.

മാധ്യമ പ്രവർത്തകൻ സുബൈറിന്റെയും മനുഷ്യാവകാശ പ്രവർത്തകരായ ടീസ്റ്റ സെത്തൽവാദിന്റയെും ആർ.ബി ശ്രീകുമാറിന്റെയും അറസ്റ്റിലും വലതുമാധ്യമങ്ങൾ പുലർത്തിയ നയം അത്യന്തം ഭീതിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായ പോരാട്ടങ്ങളിൽ വലതുപക്ഷ മാധ്യമപ്പടയെ പച്ചവെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ലെന്നും ജലീൽ വിമർശിച്ചു

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കുനിയാൻ പറഞ്ഞപ്പോൾ കാല് നക്കിയവർ!

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോട്ട് വിളിച്ചുചേർത്ത മീഡിയാ നടത്തിപ്പുകാരുടെ യോഗത്തിൽനിന്ന് ഇടതുപക്ഷ മാധ്യമങ്ങളെയും വലതു വിരുദ്ധ മീഡിയകളെയും മുസ്‌ലിം സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളെയും കോൺഗ്രസ് നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളെയും ഒഴിവാക്കിയ കാര്യം മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങൾ തമസ്‌കരിച്ചത് ഫാസിസം എത്രമാത്രം മീഡിയാ റൂമുകളിലേക്ക് കടന്നുകയറി എന്നതിന്റെ മികച്ച ഉദാഹരണമാണ്.

വർഗ്ഗസ്വഭാവം ഇല്ലാത്ത അതിസങ്കുചിതന്മാരാണ് തങ്ങളെന്ന് യോഗത്തിൽ പങ്കെടുത്ത സംഘമിത്ര മാധ്യമങ്ങൾ സംശയലേശമന്യേ തെളിയിച്ചു.

'ഠാക്കൂർജി, മാധ്യമങ്ങളെ വിളിക്കുമ്പോൾ താങ്കൾ കാണിച്ച വിവേചനത്തിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു' എന്ന് ഒരാൾ പറഞ്ഞിരുന്നെങ്കിൽ കേരളം സാമൂഹ്യ-ഭരണ രംഗങ്ങളിൽ മാത്രമല്ല ജേർണലിസ മേഖലയിലും ഇന്ത്യക്ക് വാഴിക്കാട്ടിയാണെന്ന വലിയൊരു സന്ദേശം നൽകാൻ സാധിക്കുമായിരുന്നു.

മീഡിയാ റൂമുകളിലിരുന്ന് മതേതര കുപ്പായമിട്ട് അഭിനയിച്ച് തകർക്കുന്നവരുടെ 'തനിനിറം' വെളിപ്പെടാൻ അവരുടെ അടിമ മനോഭാവം സഹായകമായി.

അടിയന്തരാവസ്ഥക്കാലത്ത് മുട്ടുകുത്താൻ പറഞ്ഞപ്പോൾ നിലത്തിഴഞ്ഞ മാധ്യമങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ മോദീ കാലത്ത് കുനിയാൻ പറഞ്ഞപ്പോൾ ഭരണകൂടങ്ങളുടെ കാല് നക്കുന്ന മാധ്യമങ്ങളെയാണ് നാം കാണുന്നത്.

ബോംബെയിലെ മാധ്യമ പ്രവർത്തകൻ സുബൈർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകരായ ടീസ്റ്റ സെത്തൽവാദും ആർ.ബി ശ്രീകുമാറും കൽതുറുങ്കിൽ അടക്കപ്പെട്ടപ്പോഴും വലതുമാധ്യമങ്ങൾ പുലർത്തിയ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ നയം' അത്യന്തം ഭീതിതമാണ്.

ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായ പോരാട്ടങ്ങളിൽ വലതുപക്ഷ മാധ്യമപ്പടയെ പച്ചവെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. പണത്തിനും പ്രലോഭനങ്ങൾക്കും ഭീഷണിക്കും മീതെ മാധ്യമങ്ങളും പറക്കില്ലെന്ന് തെളിഞ്ഞിരിക്കുന്നു.

ഇവർ നൽകുന്ന വാർത്തകൾ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിട്ടേക്കുക. സത്യമറിയാൻ മറ്റു വഴികൾ തേടുക. അതുമാത്രമാണ് പുതിയ കാലത്ത് കരണീയം.

Summary: 'Those who licked their feet when told to bow down'; KT Jaleel criticizes the meeting of media heads called by the Union Minister Anurag Thakur

TAGS :

Next Story