'താങ്കൾക്കൊരു വോട്ട് ചെയ്തതിൽ ഖേദിക്കുന്നു'; ശ്രേയാംസ്‌കുമാറിനെതിരെ കെ.ടി ജലീൽ
ഇടതുപക്ഷ പിന്തുണയോടെ രാജ്യസഭയിലെത്തിയ ശ്രേയാംസ്‌കുമാറിന്റെ കാലാവധി ഈ വർഷമാണ് അവസാനിച്ചത്
തിരുവനന്തപുരം: എൽ.ഡി.എഫ് ഘടകകക്ഷിയായ എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റും 'മാതൃഭൂമി' മാനേജിങ് ഡയരക്ടറുമായ എം.വി ശ്രേയാംസ്‌കുമാറിനെതിരെ വിമർശനവുമായി മുൻ മന്ത്രി കെ.ടി ജലീൽ. ഭരണഘടനാ വിമർശനത്തെ തുടർന്ന് രാജിവച്ച സജി ചെറിയാനെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച കാർട്ടൂൺ ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ വിമർശനം.
''മിസ്റ്റർ ശ്രേയാംസ്‌കുമാർ, താങ്കൾക്കൊരു വോട്ടു ചെയ്തതിൽ ഞാൻ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറുപിളർത്തി ശൂലം കുത്തിയിറക്കിയത് അർത്ഥമാക്കുന്നതെന്താണ്?''-ഫേസ്ബുക്ക് കുറിപ്പിൽ ജലീൽ ചോദിച്ചു. ഇടതുപക്ഷ പിന്തുണയോടെ രാജ്യസഭയിലെത്തിയ ശ്രേയാംസ്‌കുമാറിന്റെ കാലാവധി ഈ വർഷമാണ് അവസാനിച്ചത്.
ഭരണഘടനയ്‌ക്കെതിരായ പരാമർശം വിവാദമായതോടെയാണ് ഇന്നലെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. എന്നാൽ, പ്രസ്താവനയിൽ മാപ്പുപറയാൻ അദ്ദേഹം തയാറായിരുന്നില്ല. മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും അപ്പർ കുട്ടനാട്, ഓണാട്ടുകര ഭാഷയിൽ ഞാൻ പറഞ്ഞതു തെറ്റിദ്ധാരണ ഉണ്ടാക്കിയതാണെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം.
അതിനിടെ, എം.എൽ.എ സ്ഥാനത്തുനിന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
Summary: 'I regret voting for you'; KT Jaleel against MV Shreyams Kumar
Adjust Story Font
16