വർഗീയ വിഷം ചീറ്റുന്ന പി.സി ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണം-കെ.ടി ജലീൽ
വിദ്വേഷ പരാമര്‍ശത്തിലെടുത്ത കേസില്‍ പി.സി ജോർജ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്
കോഴിക്കോട്: വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോർജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഇടത് എംഎൽഎ കെ.ടി ജലീൽ. വർഗീയ വിഷം ചീറ്റുന്ന ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു. ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ജലീലിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ അതേ ഭാഷയിൽ ആരെങ്കിലും അതിനോടു പ്രതികരിച്ചാൽ കേരളം ഭ്രാന്താലയമായി മാറും. അതുവഴി നാം നേടിയെടുത്ത നേട്ടങ്ങളുടെ ഗരിമ മങ്ങുകയും കേരളത്തിന്റെ സൽപ്പേര് തകരുകയും ചെയ്യും. മലയാളികൾ ആർജിച്ച മതനിരപേക്ഷ മനസ് നഷ്ടമാകുകയും നാം സ്വാംശീകരിച്ച വൈജ്ഞാനിക പുരോഗതിയുടെ അന്തസ്സ് കെടുത്തുകയും ചെയ്യുമെന്നും കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
വിദ്വേഷ പരാമർശത്തിൽ ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പി.സി ജോർജിനെതിരെ കേസെടുത്തിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു നടപടി. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ജനുവരി ആറിന് 'ജനം ടിവി'യിൽ നടന്ന ചർച്ചയിലായിരുന്നു പിസി ജോർജിന്റെ വിദ്വേഷ പരാമർശം. ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമർശം. മുസ്‌ലിംകൾ പാകിസ്താനിലേക്കു പോകണമെന്നും ജോർജ് ചർച്ചയിൽ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും ജോർജ് ചർച്ചയിൽ ആരോപിച്ചു.
കേസിൽ പി.സി ജോർജ് മുൻകൂർ ജാമ്യത്തിനു നീക്കം നടത്തുന്നുണ്ട്. കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വർഗീയ വിഷം ചീറ്റുന്ന പി.സി ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കുക!
ജനം ടിവിയുടെ ഒരു ന്യൂസ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പി.സി ജോർജ് പറഞ്ഞ രണ്ട് വാചകങ്ങളാണ് താഴെ ചേർത്ത വീഡിയോ ക്ലിപ്പിലുള്ളത്. ഒരു പ്രാവശ്യം തനി വർഗീയത പ്രസംഗിച്ചതിന്റെ പേരിൽ പൊലീസ് പി.സി ജോർജിനെ അറസ്റ്റു ചെയ്തു. എന്നാൽ, കോടതി ഒരു ദിവസം പോലും ജയിലിൽ കിടക്കാൻ അവസരം കൊടുക്കാതെ ജാമ്യം അനുവദിച്ചു. അതിന്റെ വിലയാണ് ഇപ്പോൾ കേരളം നൽകുന്നത്. കോട്ടിട്ട ഏമാന്മാർക്ക് കമ്യൂണിസ്റ്റുകാർ കുറ്റാരോപിതരായാൽ റിമാൻഡ് ചെയ്യണമെന്ന് നിർബന്ധമാണ്. കണ്ണൂരിലെ ദിവ്യക്ക് ഒരു അടിസ്ഥാനവുമില്ലാത്ത കേസിൽ 14 ദിവസം കാരാഗ്രഹമാണ് ലഭിച്ചത്. എന്നാൽ, വയനാട്ടിലെ കോൺഗ്രസ് നേതാവ് സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യാ കുറിപ്പ് ഉണ്ടായിട്ടും കത്തിൽ പേരുള്ള എല്ലാ കോൺഗ്രസ് നേതാക്കൾക്കും മുൻകൂർ ജാമ്യം ലഭിച്ചു! ഇതേക്കുറിച്ചൊക്കെ എന്താണ് പറയുക?
ഇടുക്കിയിലെ മണിയാശാൻ നടത്തിയ പ്രസംഗത്തിലെ ചില വാക്കുകളുടെ പേരിൽ എത്ര ദിവസങ്ങളാണ് പ്രായം പോലും പരിഗണിക്കാതെ യുഡിഎഫ് ഗവൺമെന്റ് അദ്ദേഹത്തെ അഴികൾക്കുള്ളിലാക്കിയത്? തെളിവില്ലാത്തതിന്റെ പേരിൽ അന്തിമവിധിയിൽ എം.എം മണിയെ വെറുതെവിട്ടു. നിരപരാധിയായ അദ്ദേഹത്തെ ദിവസങ്ങളോളം ജയിലിൽ കിടത്തിയതിന് ആര് മറുപടി പറയും? ആ ഇരുണ്ട ദിവസങ്ങൾ എങ്ങനെ മണിയാശാന് തിരിച്ചുകിട്ടും. പെരുമ്പാവൂരിലെ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ ലൈംഗികാരോപണം ഉയർന്നു. അദ്ദേഹം ഒളിവിൽ പോയി. കോൺഗ്രസ് എംഎൽഎയ്ക്കും മുൻകൂർ ജാമ്യം കിട്ടി. ഇതെല്ലാം നൽകുന്ന തെറ്റായ സന്ദേശം എന്താണ്? നിങ്ങൾക്ക് അഴിമതി നടത്തണമെങ്കിൽ, മറ്റുള്ളവരുടെ മേൽ കൈയേറ്റം നടത്തണമെങ്കിൽ ഒന്നുകിൽ നിങ്ങൾ കോൺഗ്രസോ ലീഗോ യുഡിഎഫോ ബിജെപിയോ ആയ്‌ക്കോളൂ. കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലയലത്ത് പോലും നിൽക്കരുത് എന്നല്ലേ?
പി.സി ജോർജിനെ സർക്കാർ അറസ്റ്റ് ചെയ്താലും കോട്ടിട്ട ഏമാന്മാരും ഏമാനത്തികളും സഹായഹസ്തം നീട്ടാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കയാണ്. ഈ 'ചിറ്റമ്മ നയം' ബന്ധപ്പെട്ടവർ മാറ്റിയില്ലെങ്കിൽ കേരളവും വർഗീയ വിഷപ്പുകയിൽ വീർപ്പുമുട്ടും. വർഗീയതയുടെ തീ നാടുമുഴുവൻ പടരും.
പി.സി ജോർജിനെതിരെ ശക്തമായ നടപടികൾ എടുക്കാൻ ആഭ്യന്തര വകുപ്പ് മുന്നോട്ടുവരണം. അതുണ്ടായില്ലെങ്കിൽ അതേ ഭാഷയിൽ ആരെങ്കിലും അതിനോടു പ്രതികരിച്ചാൽ കേരളം അക്ഷരാർഥത്തിൽ ഒരു ഭ്രാന്താലയമാകും. നാം നേടിയെടുത്ത നേട്ടങ്ങളുടെ ഗരിമ മങ്ങും. കേരളത്തിന്റെ സൽപ്പേര് തകരും. മലയാളികൾ ആർജിച്ച മതനിരപേക്ഷ മനസ് നഷ്ടമാകും. കേരം തിങ്ങും കേരള നാടിന്റെ തല താഴും. നാം സ്വാംശീകരിച്ച വൈജ്ഞാനിക പുരോഗതിയുടെ അന്തസ്സ് കെടുത്തും.
Summary: ''PC George, who is spewing communal venom, should be arrested and put behind bars'': KT Jaleel
Adjust Story Font
16