പാർട്ടിക്ക് അതൃപ്തി; കെ.ടി. ജലീൽ പോസ്റ്റ് പിൻവലിച്ചത് സി.പി.എം നിർദേശപ്രകാരം
വിവാദ പരാമർശത്തിൽ കെ.ടി. ജലീലിനെതിരെ ഡൽഹി പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തിരിക്കുകയാണ്
തിരുവനന്തപുരം: കെ.ടി ജലീലിന്റെ വിവാദ ആസാദ് കശ്മീർ പോസ്റ്റ് പിൻവലിച്ചത് പാർട്ടിയുടെ നിർദ്ദേശപ്രകാരം. പോസ്റ്റിൽ സി.പി.എം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് നേരത്തെ പോസ്റ്റിനെ ന്യായീകരിച്ച് കുറിപ്പിട്ട ജലീൽ പിൻവാങ്ങിയത്. തന്റെ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിധാരണക്ക് ഇടവരുത്തിയത് ശ്രദ്ധയിൽപ്പെട്ടെന്ന് പറഞ്ഞ ജലീൽ, താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നന്മക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു.
ഇരട്ട ഇൻവർട്ടഡ് കോമയിലാണ് വിവാദ പരാമർശം നടത്തിയതെന്നും അതിന്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്നുമാണ് ജലീൽ നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ പ്രസ്താവന പൂർണമായും പിൻവലിച്ചിരിക്കുകയാണ് ജലീൽ. നിലവിൽ കശ്മീരിൽ സന്ദർശനത്തിലാണ് കെ.ടി ജലീൽ.
വിവാദ പരാമർശത്തിൽ കെ.ടി. ജലീലിനെതിരെ ഡൽഹി പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ അഡ്വ. ജി.എസ്. മണിയാണ് പരാതി നൽകിയത്. കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പരാതി പിൻവലിക്കില്ലെന്നു പരാതിക്കാരൻ വ്യക്തമാക്കി. പരാതി നൽകിയത് പോസ്റ്റ് പിൻവലിക്കാനല്ലെന്നും കെടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കമ്യൂണിസ്റ്റുകാർ രാജ്യസ്‌നേഹികളാണെന്നും ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയവരാണെന്നും പാർട്ടിയുടെ നയം മനസ്സിലാക്കിയിട്ടുള്ള ആരും ഈ നിലപാടിൽ നിന്നും വ്യതിചലിക്കില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. കമ്യൂണിസ്റ്റ് പ്രവർത്തകർ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയവരാണെന്നും ഒരേ ഒരു ഇന്ത്യ എന്നായിരുന്നു അവരുടെ സ്വപ്‌നമെന്നും ഇ.പി ചൂണ്ടിക്കാട്ടി. ഇന്ത്യ വിഭജനം ദുഃഖകരമായിരുന്നുവെന്നും ഒരു ഇന്ത്യ ഒരു ജനത എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വർഗ പ്രസ്ഥാനം രൂപപ്പെടുത്തിയ പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നയത്തെ കുറിച്ച് എന്തെങ്കിലും സംശയം ഉള്ളവർക്ക് അഖിലേന്ത്യാ സെക്രട്ടറിയോട് ചോദിക്കാമെന്നും ഇ.പി വ്യക്തമാക്കി.
KT Jaleel's FB post was withdrawn as per the instructions of CPM
Adjust Story Font
16