സാങ്കേതിക സർവകലാശാല വിസി നിയമനം; സർക്കാർ പാനൽ വെട്ടി ഗവർണർ
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സീനിയർ പ്രൊഫസർ ഡോക്ടർ കെ.ശിവപ്രസാദിന് താൽക്കാലിക ചുമതല
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ സർക്കാർ പാനൽ വെട്ടി സ്വന്തം നിലയ്ക്ക് വിസിയെ നിയമിച്ച് ഗവർണർ. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സീനിയർ പ്രൊഫസർ ഡോക്ടർ കെ.ശിവപ്രസാദിനാണ് താൽക്കാലിക ചുമതല നൽകിയത്.
മുൻ വിസി സജി ഗോപിനാഥ് സ്ഥാനമൊഴിഞ്ഞ് ഒരുമാസം തികയുന്ന ദിവസമാണ് ഗവർണർ പുതിയ ചുമതലക്കാരനെ കണ്ടെത്തിയത്. നേരത്തേ സജി ഗോപിനാഥ് വിരമിക്കുന്നതിന് തൊട്ടുമുൻപ് സർക്കാർ പുതിയ നിയമനത്തിനുള്ള മൂന്നംഗ പാനൽ ഗവർണർക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഈ പാനലിൽ നിന്ന് നിയമനം പറ്റില്ലെന്ന് ചാൻസിലർ നിലപാടെടുത്തു.
വിസി നിയമനത്തിൽ സർക്കാർ ഇടപെടാൻ പാടില്ലെന്ന സുപ്രിംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ തീരുമാനം. ഇതു സംബന്ധിച്ച് വ്യക്തത തേടി ചാൻസിലർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഇതിനിടെയാണ് സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഗവർണറുടെ പുതിയ തീരുമാനം.
ഒഴിഞ്ഞു കിടന്ന ഡിജിറ്റൽ സർവകലാശാലയിലേക്കും ഗവർണർ പുതിയ ആളെ കണ്ടെത്തി. താൻ നിയമിച്ചതിന്റെ പേരിൽ നടപടി നേരിട്ട മുൻ കെടിയു വിസി സിസാ തോമസിനാണ് ചുമതല. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായി വിരമിച്ച സിസയുടെ ആനുകൂല്യങ്ങൾ തടഞ്ഞതടക്കം വിവാദമായിരുന്നു. ഇരുവരും പരമാവധി വേഗത്തിൽ ചുമതല ഏറ്റെടുക്കണമെന്നാണ് രാജഭവൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
Adjust Story Font
16