Quantcast

നവകേരള സദസിനായി കുടുംബശ്രീയിൽ പിരിവ്; 250 രൂപ വീതം നൽകണമെന്ന് കർശന നിർദേശം

തുക തന്നില്ലെങ്കിൽ സബ്‌സിഡി നൽകിയതിന്റെ പലിശയിനത്തിൽ ഈടാക്കുമെന്നും സിഡിഎസ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഈ ചടങ്ങിന്റെ ചെലവിലേക്കാണ് 250 രൂപയെന്നാണ് ശബ്ദസന്ദേശം

MediaOne Logo

Web Desk

  • Updated:

    2023-12-12 10:54:41.0

Published:

12 Dec 2023 9:52 AM GMT

navakerala_kudumbashree
X

നവകേരള സദസിനായി കുട്ടനാട്ടിലെ കുടുംബശ്രീയിൽ നിർബന്ധിത പിരിവ്. ഒരു കുടുംബശ്രീ 250 രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ട്‌ നൽകിയ ശബ്ദ സന്ദേശം പുറത്തുവന്നു... നെടുമുടിയിലെ സിഡിഎസ് ചെയർ പേഴ്സന്റെ ശബ്ദ സന്ദേശമാണ് പുറത്തായത്. 250 രൂപ സർക്കാർ നൽകിയ സബ്സിഡികളുടെ പലിശയായി കണക്കാക്കണം. വെള്ളിയാഴ്ചയാണ് കുട്ടനാട്ടിലെ നെടുമുടിയിൽ നവകേരള സദസ് നടക്കുന്നത്.

'പ്രിയപ്പെട്ട കുടുംബശ്രീ പ്രസിഡന്റുമാർ, അംഗങ്ങൾ അറിയുന്നതിന്. ഡിസംബർ 15ആം തീയതി പൂപ്പള്ളിയിൽ വെച്ച് നവകേരള സദസ് നടക്കുകയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഈ ചടങ്ങിന്റെ ചെലവിലേക്കാണ് 250 രൂപ ഒരു കുടുംബശ്രീയുടെ പക്കൽ നിന്ന് സിഡിഎസ് വാങ്ങുന്നത്. ഏതെങ്കിലും കുടുംബശ്രീകൾ തുക നൽകാൻ വിസമ്മതിക്കുകയാണെങ്കിൽ കൊറോണ സബ്‌സിഡി അടക്കമുള്ളവ കൈപ്പറ്റിയ അയൽക്കൂട്ടക്കാർ അതിന്റെ പലിശയിനത്തിൽ തന്നാൽ മതി. പാർട്ടി വ്യത്യാസമില്ലാതെയാണ് സർക്കാർ കുടുംബശ്രീകൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത്. അതിനാൽ, എല്ലാ കുടുംബശ്രീയും ഇത് തന്ന് സഹകരിക്കണമെന്ന് അറിയിക്കുന്നു': സിഡിഎസ് ചെയർപേഴ്‌സൺ വാട്സ്ആപ് ഗ്രൂപ്പിലയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.

സബ്‌സിഡി ഓരോ അയൽക്കൂട്ടങ്ങളും അവകാശപ്പെട്ടതാണെന്നിരിക്കെ അതിന്റെ പലിശയിനത്തിൽ തുക ഈടാക്കാനുള്ള നീക്കത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഒരു സിഡിഎസിന് കീഴിൽ നിരവധി അയൽക്കൂട്ടങ്ങൾ ഉള്ളതിനാൽ ലക്ഷക്കണക്കിന് രൂപ നവകേരള സദസിനായി പിരിച്ചെടുക്കുമെന്നാണ് വിവരം.

നേരത്തെ നവകേരള സദസ്സിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ സിഡിഎസ് ഭീഷണിപ്പെടുത്തുന്ന വാട്സാപ്പ് സന്ദേശവും പുറത്തായിരുന്നു. മലപ്പുറം നന്നംമുക്ക് പഞ്ചായത്തിലെ സിഡിഎസ് ചെയർപേഴ്‌സൺ സുനിതയുടെ ശബ്ദരേഖയാണ് പുറത്തായത്. പങ്കെടുക്കാതിരിക്കുന്ന അംഗങ്ങൾക്ക് ലോൺ നല്കില്ലെന്നായിരുന്നു ഭീഷണി. ഇങ്ങനെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നവകേരള സദസുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുന്നതായി പരാതികൾ ഉയർന്നിരുന്നു.

TAGS :

Next Story