കുലുക്കല്ലൂർ ക്രെഡിറ്റ് സഹകരണ സംഘം തട്ടിപ്പ്; അന്വേഷണ കമ്മിഷനെ നിയമിച്ച് സിപിഎം
സഹകരണ സംഘത്തിലെ ജീവനക്കാരൻ 43.5 ലക്ഷം രൂപ വ്യാജ ഒപ്പിട്ട് തട്ടിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. തട്ടിപ്പ് പുറത്തായതോടെ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് പാർട്ടി അംഗങ്ങളുടെ ഇടപെടൽ പരിശോധിക്കാൻ ജില്ലാ നേതൃത്വത്തിന് നിർദേശം നൽകുകയായിരുന്നു
പാലക്കാട് കുലുക്കല്ലൂർ ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ സിപിഎം അന്വേഷണ കമ്മിഷനെ നിയമിച്ചു. ചെർപ്പുളശേരി ഏരിയ കമ്മിറ്റി വിളിച്ച അടിയന്തര യോഗത്തിലാണ് മൂന്നംഗ കമ്മിഷനെ അന്വേഷണ ചുമതല ഏൽപിച്ചത്. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മീഷന് നിർദേശം നൽകിയിട്ടുണ്ട്.
കുലുക്കല്ലൂർ ക്രെഡിറ്റ് സഹകരണ സ്ഥാപനത്തിലെ ജീവനക്കാരൻ 43.5 ലക്ഷം രൂപ വ്യാജ ഒപ്പിട്ട് തട്ടിയെന്നാണ് സംഘത്തിന്റെ ഓഡിറ്റ് റിപ്പോർട്ട്. തട്ടിപ്പ് പുറത്തായതോടെ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് പാർട്ടി അംഗങ്ങളുടെ ഇടപെടൽ പരിശോധിക്കാൻ ജില്ലാ നേതൃത്വത്തിന് നിർദേശം നൽകി. തുടർന്ന് ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് വെള്ളിയാഴ്ച ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി അടിയന്തര യോഗം ചേർന്നത്. തട്ടിപ്പിൽ കൂടുതൽ പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനായി കമ്മീഷനെ നിയോഗിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, ഇ. വിനോദ്കുമാർ, എം. സിജു എന്നിവരെയാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.
ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ 11 അംഗ ഭരണസമിതിയിൽ ഒൻപതുപേർ പാർട്ടി അംഗങ്ങളാണ്. ഇതിൽ മൂന്നുപേർ കുലുക്കല്ലൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണ്. ഭരണസമിതി അംഗങ്ങളായ സംഘം പ്രസിഡന്റ് അബ്ദുറഹ്‌മാൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ കൂടിയായ സംഘം വൈസ് പ്രസിഡന്റ് കെ. ശ്രീകുമാർ, രജനി എന്നിവർ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. ആറുപേർ സിപിഎം അംഗങ്ങളും ഒരാൾ പാർട്ടി അനുഭാവിയുമാണ്. ഓഡിറ്റ് റിപ്പോർട്ട് ഗൗരവമായാണ് സിപിഎം കാണുന്നത്.
സാമ്പത്തിക തട്ടിപ്പിൽ പൊലീസ് ഉടൻതന്നെ കേസ് രജിസ്റ്റർ ചെയ്യാനാണ് സാധ്യത. നിയമനടപടികൾക്ക് പൂർണ പിന്തുണ നൽകാൻ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്നും സിപിഎം ഏരിയ നേതൃത്വം ഉറപ്പുനൽകുന്നു.
Adjust Story Font
16