Quantcast

എ.കെ ബാലൻ പറയുന്നത് ഭ്രാന്ത്, ലീഗ് ശക്തമായി യുഡിഎഫിൽ തുടരും; കുഞ്ഞാലിക്കുട്ടി

"തുമ്മിയാൽ തെറിക്കുന്ന മൂക്കൊന്നുമല്ല ലീഗിന് മുന്നണി ബന്ധം"

MediaOne Logo

Web Desk

  • Updated:

    2023-11-20 14:47:35.0

Published:

20 Nov 2023 2:42 PM GMT

എ.കെ ബാലൻ പറയുന്നത് ഭ്രാന്ത്, ലീഗ് ശക്തമായി യുഡിഎഫിൽ തുടരും; കുഞ്ഞാലിക്കുട്ടി
X

കോഴിക്കോട്: മുസ്‌ലിം ലീഗ് മുന്നണി വിടാനുള്ള സാഹചര്യമുണ്ടെന്ന പരാമർശത്തിൽ എ.കെ ബാലനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി. എ.കെ ബാലന് ഭ്രാന്താണെന്നും ലീഗ് മുന്നണി മാറുന്നു എന്നത് മാധ്യമ സൃഷ്ടിയാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

"യുഡിഎഫിന്റെ അടിയുറച്ച, ശക്തമായ നട്ടെല്ലാണ് ലീഗ്. തുമ്മിയാൽ തെറിക്കുന്ന മൂക്കൊന്നുമല്ല ഞങ്ങൾക്ക് മുന്നണി ബന്ധം. യുഡിഎഫിന്റെ അടിത്തറ പാകിയവരും മുന്നണിക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ടവരും ഇനിയും യുഡിഎഫിന് വിജയക്കൊടി പാറിക്കാൻ കഷ്ടപ്പെടാൻ തയ്യാറുള്ളവരുമാണ് ലീഗിലുള്ളത്.

വിശ്വാസ്യതയുടെ കാര്യത്തിൽ ലീഗ് ഒരു വഞ്ചനയും കാണിക്കില്ല. എല്ലാ വിഷയങ്ങളിലും ലീഗിന് ലീഗിന്റെ അഭിപ്രായമുണ്ടാകും. കോൺഗ്രസിന് കോൺഗ്രസിന്റെ അഭിപ്രായവുമുണ്ടാകും. രണ്ടും ഒരു മുന്നണിയിലാണെങ്കിലും ഒറ്റ പാർട്ടിയല്ല. പക്ഷെ എന്ത് അഭിപ്രായങ്ങളുണ്ടായാലും മുന്നണിക്ക് ഒരു സമിതിയുണ്ട്. അതിൽ ചർച്ച ചെയ്തും മുന്നണി തീരുമാനമനുസരിച്ചും മാത്രമെ മുന്നണിയിലെ പാർട്ടികളെല്ലാം മുന്നോട്ട് പോകൂ

സഹകരണം, സംവരണം, ഫലസ്തീൻ വിഷയങ്ങളിലൊക്കെ പല അഭിപ്രായങ്ങളുമുണ്ടാകും. എന്നാൽ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് UDF ന്റെ നട്ടെല്ലായി മുന്നണിപ്പോരാളിയായി തന്നെ ഉണ്ടാകും. മുന്നണിയിലെ ഘടകകക്ഷികൾ എല്ലാം തമ്മിലുള്ള ബന്ധം അതിൻറെ ആദ്യകാല നേതാക്കൾ അത് എങ്ങനെ പടുത്തുയർത്തിയോ അതിനേക്കാൾ ശക്തിയായി മുന്നോട്ടു പോകും

മോശം പെർഫോമൻസുമായി മുന്നോട്ടുപോകുന്ന ഈ ഭരണമുന്നണിക്ക് പകരം യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പുതിയ ഒരു സർക്കാരുണ്ടാക്കാനുള്ള പണികളുമായാണ് മസ്‌ലിം ലീഗ് മുന്നോട്ട് പോകുന്നത്. മുന്നണി ബന്ധം ഹൃദയ ബന്ധമാണ്. മുസ്‌ലിം ലീഗ് ശക്തമായി മുന്നണിയിൽ തുടരും. എ.കെ ബാലൻ പറയുന്നത് ഭ്രാന്താണ്. മുന്നണിയെ കൂടുതൽ ശക്തമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ലീഗ് തുടരും". കുഞ്ഞാലിക്കുട്ടി പറഞ്ഞു

TAGS :

Next Story