യൂസുഫലിക്കെതിരായ കെ.എം ഷാജിയുടെ പരാമര്‍ശം; ഉച്ചയ്ക്ക് മറുപടി പറയുമെന്ന് കുഞ്ഞാലിക്കുട്ടി
പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന നാട്ടിൽപ്പോയി മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെയും യു.ഡി.എഫിനെയും പഠിപ്പിക്കാൻ വരേണ്ടെന്നായിരുന്നു കെ.എം ഷാജി യൂസുഫലിയെ വിമര്‍ശിച്ചത്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിക്കെതിരായ കെ.എം ഷാജിയുടെ പ്രസ്താവനയില്‍ ഇന്നുച്ചക്ക് മറുപടി പറയുമെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഈ വിഷയത്തെക്കുറിച്ച് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
ലോക കേരള സഭയിൽ പങ്കെടുക്കാത്തതിന് യു.ഡി.എഫിനെ വിമർശിച്ച എം.എ യൂസുഫലിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന നാട്ടിൽപ്പോയി മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെയും യു.ഡി.എഫിനെയും പഠിപ്പിക്കാൻ വരേണ്ടെന്നായിരുന്നു ഷാജിയുടെ പ്രതികരണം.
ഏതൊക്കെ പരിപാടിയിൽ പങ്കെടുക്കണം, പങ്കെടുക്കേണ്ട എന്നത് സംബന്ധിച്ച് ഞങ്ങൾക്ക് നയവും നിലപാടുമുണ്ട്. അത് ഏതെങ്കിലും മുതലാളിയുടെ വീട്ടിൽപ്പോയി ചീട്ട് കീറിയിട്ടല്ല തീരുമാനിക്കുന്നത്- ഷാജി പറഞ്ഞു.
ലോക കേരള സഭ ബഹിഷ്‌കരിച്ചതിന്റെ പേരിൽ എം.എ യൂസുഫലി യു.ഡി.എഫിനെതിരെ വിമർശനമുന്നയിച്ചിരുന്നു. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുതെന്നും ലോക കേരള സഭയിൽ സംസാരിക്കുമ്പോൾ യൂസുഫലി പറഞ്ഞിരുന്നു. ലോക കേരള സഭ ധൂർത്താണെന്ന പ്രതിപക്ഷനേതാവിന്‍റെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചിരുന്നു
അതേസമയം രാഷ്ട്രീയ കാര്യങ്ങളാലാണ് ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്നതെന്ന് മുസ്‍ലിം ലീഗ് എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷത്തിന് പ്രവാസികളുടെ പ്രശ്നങ്ങൾ അറിയാമെന്നും എന്നാല്‍ സമീപകാല രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യു.ഡി.എഫ് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വിട്ടുനിന്നാലും യു.ഡി.എഫിന്‍റെ പ്രവാസി സംഘടനകൾ ലോക കേരളസഭയില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവിന്‍റെയടക്കം വീട് ആക്രമിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായി. അതുകൊണ്ട് തന്നെ രാഷ്ട്രീയ കാര്യങ്ങള്‍ മൂലമാണ് ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്നത്. എന്നിരുന്നാലും ലോക കേരള സഭയുടെ ഗുണങ്ങളെ അംഗീകരിക്കുകയും സഭയുടെ ഉദ്ദേശ്യ ശുദ്ധിയെ മാനിക്കുന്നു. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്രം നടപ്പിലാക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട കുഞ്ഞാലിക്കുട്ടി ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ഓര്‍മപ്പെടുത്തി. ജോലി തേടിയിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ അവസരം നഷ്ടമാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വിമർശിച്ചു.
Adjust Story Font
16