പറവൂരിലേത് കുറുവസംഘം തന്നെയോ? ഏഴ് വീടുകളിൽ മോഷ്ടാക്കളെത്തിയെന്ന് കണ്ടെത്തൽ
വീടുകളിൽ പ്രത്യേക സംഘത്തിന്റെ പരിശോധന. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ ശ്രമം
കൊച്ചി: എറണാകുളം പറവൂരിൽ കുറുവസംഘമെത്തിയെന്ന് സംശയിക്കുന്ന വീടുകളിൽ ഇന്നും പ്രത്യേകസംഘം പരിശോധന നടത്തും. ഇതുവരെ ഏഴ് വീടുകളിൽ മോഷ്ടാക്കളെത്തിയെന്നാണ് കണ്ടെത്തൽ. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിനാണ് അന്വേഷണ ചുമതല. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഇതുവരെ പറവൂർ മേഖലയിൽ മാത്രമാണ് മോഷ്ടാകളുടെ സാന്നിധ്യം കണ്ടെത്തിയത്.
അതേസമയം, കുറുവാസംഘമാണ് മോഷണശ്രമം നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിയിട്ടില്ല. കുമാരമംഗലം, കരിമ്പാടം, തൂയിത്തറ മേഖലകളിലാണ് കുറുവസംഘത്തിന്റേതിന് സമാനമായ സംഘമെത്തിയത്. വീടുകളുടെ പിൻവാതിൽ തകർത്ത് മോഷണശ്രമം നടന്നു. ഇതിനുപിന്നാലെ പൊലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന മോഷണ പരമ്പരയ്ക്ക് പിന്നിൽ കുറുവസംഘമാണെന്ന വാർത്തകളുണ്ടായിരുന്നു. പത്തിലധികം മോഷണമാണ് മണ്ണഞ്ചേരി, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളിൽ നടന്നത്. ഈ മോഷണങ്ങളിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പറവൂരിലും കുറുവസംഘമെത്തിയതായി സംശയിക്കുന്നത്.
Adjust Story Font
16