ജനാധിപത്യത്തെ ഭയപ്പെടുന്ന എസ്.എഫ്.ഐക്ക് സംഘ് ഫാസിസത്തിനെതിരെ സംസാരിക്കാൻ എന്തർഹത: കെ.എ ഷഫീഖ്
കുസാറ്റ് ഹോസ്റ്റലിൽ ഉണ്ടായ എസ്.എഫ്.ഐ ആക്രമണത്തില്‍ ഫ്രറ്റേണി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു
ജനാധിപത്യത്തെ ഇത്രമേൽ ഭയപ്പെടുന്ന എസ്.എഫ്.ഐക്ക് സംഘ് ഫാസിസത്തിനെതിരെ സംസാരിക്കാൻ എന്തർഹതയാണുള്ളതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്. നോമിനേഷൻ പേപ്പറിനെ പോലും പേടിക്കുന്ന ഭീരുക്കളാണ് എസ്.എഫ്.ഐ എന്നും അടിയും കയ്യൂക്കും തല തല്ലിപ്പൊട്ടിക്കലുമല്ലാതെ എസ്.എഫ്.ഐ യുടെ കയ്യില്‍ ഒന്നുമില്ലെന്നും കെ.എ ഷഫീഖ് പ്രതികരിച്ചു. കുസാറ്റ് ഹോസ്റ്റലിൽ ഉണ്ടായ എസ്.എഫ്.ഐ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തില്‍ ഫ്രറ്റേണി കുസാറ്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായ ഹാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എസ്.എഫ്.ഐ അടച്ചു വെച്ചിരിക്കുന്ന ക്യാമ്പസുകളെ സ്വതന്ത്ര വായു ശ്വസിക്കാൻ തുറന്നു വിട്ടാല്‍ കേരളത്തിലെ വിദ്യാർഥി സമൂഹം എസ്.എഫ്.ഐ യെ തൂത്തെറിയുമെന്ന് കെ.എ ഷഫീഖ് പറഞ്ഞു.
ഇന്ന് 4.30ഓടെയാണ് ആണ്‍കുട്ടികള്‍ താമസിക്കുന്ന സഹാറ ഹോസ്റ്റലില്‍ എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഹോസ്റ്റല്‍ മെസ് സെക്രട്ടറി ഹാനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പുറത്തുനിന്നുള്ള ഒരു സംഘം ആളുകളുമായെത്തി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. കമ്പിപ്പാരകളും കമ്പികളും വടികളുമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് ക്ലാസുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച് പഠിക്കാനായി ഹോസ്റ്റലിലേക്ക് കയറാനിരിക്കെയാണ് ഒരു സംഘം എസ്.എഫ്.ഐ പ്രവർത്തകര്‍ ഓടിയെത്തി മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹാരിസ് മസ്ഫൂര്‍, എസ്.എഫ്.ഐ കുസാറ്റ് യൂണിറ്റ് പ്രസിഡന്റ് വൈശാഖ്, വിവേക് തുടങ്ങി 10ലേറെ പേരാണ് മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥികളില്‍ ഒരാള്‍ മീഡിയ വണിനോട് വ്യക്തമാക്കി. ഹോസ്റ്റലിലെ ബി.ടെക് വിഭാഗത്തില്‍ ഇല്ലാത്ത ആളുകളാണ് വന്ന് മര്‍ദിച്ചതെന്നും വിദ്യാര്‍ഥി പറഞ്ഞു.
ഹോസ്റ്റലിലേക്ക് കയറിവന്ന എസ്.എഫ്.ഐ സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ ഹാരിസ് മഹറൂഫ് തന്റെ മുഖവും തലയും ഇഷ്ടിക കൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നെന്ന് ഹോസ്റ്റല്‍ മെസ് സെക്രട്ടറി ഹാനി വീഡിയോയില്‍ പറഞ്ഞു. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിട്ട എസ്.എഫ്.ഐക്കാരോട് ചോദിക്കാന്‍ ചെന്നതിനായിരുന്നു മർദനം.
Adjust Story Font
16