Quantcast

കുതിരാനിലെ കുരുക്കഴിയുന്നു; അൽപസമയത്തിനകം ഗതാഗതത്തിന് തുറന്നുകൊടുക്കും

തുരങ്കപാത തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക അറിയിപ്പ് കേന്ദ്രത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    31 July 2021 12:51 PM GMT

കുതിരാനിലെ കുരുക്കഴിയുന്നു; അൽപസമയത്തിനകം ഗതാഗതത്തിന് തുറന്നുകൊടുക്കും
X

പാലക്കാട്-തൃശൂർ പാതയിൽ ദീർഘനാളായി യാത്രാകുരുക്കായി കിടന്ന കുതിരാൻ തുരങ്കപാത അൽപസമയത്തിനകം ഗതാഗതത്തിനു തുറന്നുകൊടുക്കും. കേന്ദ്രസർക്കാരിൽനിന്ന് അനുമതി കിട്ടിയതോടെയാണ് കുതിരാൻ തുറക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാൻ മലയിലെ ഇരട്ടതുരങ്കങ്ങളിലൊന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ അനുമതി നൽകിയത്. തൃശൂർ ഭാഗത്തേക്കുള്ള ഇടതുതുരങ്കമാണ് തുറന്നുകൊടുക്കുന്നത്. കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്കരിയാണ് ഇന്ന് ഉച്ചയോടെ ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ ആദ്യത്തെ തുരങ്കപാതയായ കുതിരാനിൽ ഒരു ലൈനിൽ ഇന്നുമുതൽ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിൽ അറിയിച്ചു. സംസ്ഥാന സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളുടെ പരിശോധനകൾക്കുശേഷമാണ് ഒരു ഭാഗം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്. ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി ഗതാഗതയോഗ്യമായ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ടോടെ കുതിരാൻവഴി വാഹനങ്ങൾ കടത്തിവിടും.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക അറിയിപ്പ് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇന്നു തുറക്കുമെന്ന നിതിന്‍ ഗഡ്ക്കരിയുടെ ട്വീറ്റ് കണ്ടു. സന്തോഷമുള്ള കാര്യം തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയതിട്ടുണ്ട്. ക്രെഡിറ്റിനു വേണ്ടിയല്ല സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുരങ്കത്തിന്റെ നിർമാണം കഴിഞ്ഞതായി കരാർ കമ്പനി അറിയിച്ചിരുന്നു. തുരങ്കം സന്ദർശിച്ച ദേശീയപാതാ ഉദ്യോഗസ്ഥർ റിപ്പോർട്ട് റീജ്യനൽ ഓഫിസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോർട്ട് പരിഗണിച്ച് അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായിരുന്നു. കുതിരാൻ തുറക്കുന്നതോടെ കോയമ്പത്തൂർ-കൊച്ചി പാതയിലെ യാത്രാസമയം വലിയ രീതിയിൽ കുറയും.

TAGS :

Next Story