കുട്ടനാട്ടിൽ സി.പി.എം പ്രവർത്തകരുടെ തമ്മിലടി; പരിക്കേറ്റ നേതാക്കൾക്കെതിരെയും കേസ്
പരിക്കേറ്റ് ചികിത്സയിലായിരുന്ന ശരവണൻ കേസെടുത്തതോടെ ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു
സിപിഎം ഫ്ലാഗ്
കുട്ടനാട്: കുട്ടനാട്ടിൽ സി.പി.എം പ്രവർത്തകരുടെ തമ്മിലടിയിൽ പരിക്കേറ്റ നേതാക്കൾക്കെതിരെയും കേസെടുത്തു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രൻ, രാമങ്കരി ലോക്കൽ കമ്മിറ്റി അംഗം ശരവണൻ എന്നിവർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ശരവണൻ കേസെടുത്തതോടെ ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ആക്രമണത്തിന് ഇരയായവർക്കെതിരായ പൊലീസ് നടപടിയിൽ കടുത്ത പ്രതിഷേധത്തിലാണ് കുട്ടനാട്ടിലെ ഔദ്യോഗിക വിഭാഗം. ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. വിഭാഗീയത രൂക്ഷമായ രാമങ്കരിയിൽ ഇന്നലെയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു സംഘർഷം. സംഘർഷത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലമായി കുട്ടനാട്ടിൽ വിഭാഗീയത രൂക്ഷമാണ്. അടുത്തിടെ വിഭാഗീയതയെ തുടർന്ന് 300ഓളം പേർ പാർട്ടി വിടുന്നത് ചൂണ്ടിക്കാട്ടി കത്തുൾപ്പെടെ നൽകിയിരുന്നു. അതിനിടയ്ക്കാണ് ഈ പ്രശ്‌നം സംഘർഷത്തിൽ കലാശിച്ചത്.
വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. പരിക്കേറ്റ അഞ്ചിൽ രണ്ട് പേരുടെ പരിക്ക് സാരമാണ്. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി രഞ്ജിത് രാമചന്ദ്രൻ എന്നിവരുടെ തലയ്ക്കാണ് പരിക്കേറ്റത്.വാഹനങ്ങളിൽ കമ്പിവടികളുമായെത്തി ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഔദ്യോഗിക വിഭാഗത്തേയും വിമത വിഭാഗത്തേയും പിന്തുണയ്ക്കുന്നവർ തമ്മിൽ പ്രദേശത്ത് ഏറെക്കാലമായി തർക്കം രൂക്ഷമായി തുടരുകയാണ്. തർക്കം രാമങ്കരിയിൽ നിന്നും മറ്റ് ലോക്കൽ കമ്മിറ്റികളിലേക്കും പടരുകയായിരുന്നു. ഇന്നലെയും തർക്കം ഉണ്ടായതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്.
നേരത്തെ, വിഭാഗീയത പരിഹരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ടിരുന്നു. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ കുട്ടനാട്ടിലെത്തുകയും ലോക്കൽ കമ്മിറ്റികളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ജില്ലയിലെ പ്രധാന നേതാക്കളെത്തി ബ്രാഞ്ച് തലത്തിലും പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ അത് പൂർണമായും ഫലംകണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ചയുണ്ടായ സംഘർഷം.
Adjust Story Font
16