Quantcast

കുവൈത്ത് തീപിടിത്തം; മരിച്ച അഞ്ച് പേരുടെ മൃതദേഹം കൂടി സംസ്കരിച്ചു

അനീഷ് കുമാർ, ലൂക്കോസ്, സാജൻ, ആകാശ്, തോമസ് ഉമ്മൻ എന്നിവർക്കാണ് നാട് ഇന്ന് വിടനൽകിയത്

MediaOne Logo

Web Desk

  • Published:

    15 Jun 2024 1:03 PM GMT

The bodies of the five dead cremated
X

കോഴിക്കോട്: വൈകാരികമായ നിമിഷങ്ങൾക്കാണ് ഇന്നും കേരളം സാക്ഷ്യം വഹിച്ചത്. കുവൈത്ത് തീപിടിത്തത്തിൽ മരിച്ച അഞ്ചുപേരുടെ മൃതദേഹം കൂടി സംസ്കരിച്ചു. കണ്ണൂർ സ്വദേശി അനീഷ് കുമാർ, കൊല്ലം സ്വദേശികളായ ലൂക്കോസ്, സാജൻ, പത്തനംതിട്ട സ്വദേശികളായ ആകാശ്, തോമസ് ഉമ്മൻ എന്നിവർക്ക് നാട് വിടനൽകി.

25 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ ജീവൻ നഷ്ടപ്പെട്ടത്. മൃതദേഹം ജന്മനാടായ കുറുവയിൽ എത്തിക്കുമ്പോൾ നൂറുകണക്കിന് പേരായിരുന്നു അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്. പതിനൊന്നരയോടെ മക്കളായ അശ്വിൻ, ആദിഷ്, അനീഷിന്റെ സഹോദരൻ രഞ്ജിത് എന്നിവർ ചേർന്ന് പയ്യാമ്പലത്ത് ചിതയ്ക്ക് തീ കൊളുത്തി.

കൊല്ലം വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റെ സംസ്കാരച്ചടങ്ങുകൾ ഐ.പി.സി സെമിത്തേരിയിലായിരുന്നു നടന്നത്. പുതിയ കോളേജിൽ ചേർക്കാനായി ഉടൻ വരുമെന്ന് പറഞ്ഞിരുന്ന പപ്പയുടെ ചേതനയറ്റ ശരീരം കണ്ട് പതിനേഴുകാരിയായ മകൾ ലിഡിയ വിതുമ്പി.

തന്റെ ഏക സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരുന്നു പുനലൂർ വാഴവിള സ്വദേശി സാജന്റെ സഹോദരി ആൻസി. സാജൻ ജോർജിന്റെ ചടങ്ങുകൾ നരിക്കൽ മാർത്തോമ പള്ളി സെമിത്തേരിയിലായിരുന്നു.

പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ആന്റോ ആന്റണി എം.പി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവരുൾപ്പടെ നൂറുകണക്കിന് പേർ അന്തിമോപചാരമർപ്പിച്ചു.

തിരുവല്ല മേപ്രാൽ സ്വദേശി തോമസ് ഉമ്മൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം നാളെയാണ്. കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസിന്റെയും കീഴ്വായ്പൂർ സ്വദേശി സിബിൻ ടി എബ്രഹാമിന്റെയും നിരണം സ്വദേശി മാത്യു തോമസിന്റെയും സംസ്കാരം തിങ്കളാഴ്ച്ചയാണ്.

TAGS :

Next Story