Quantcast

സിദ്ദിഖ് കാപ്പന്‍റെ മോചനം; കേരള പത്രപ്രവർത്തക യൂണിയൻ പ്രത്യക്ഷ സമരത്തിന്

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക.

MediaOne Logo

Web Desk

  • Published:

    25 April 2021 12:38 PM GMT

സിദ്ദിഖ് കാപ്പന്‍റെ മോചനം; കേരള പത്രപ്രവർത്തക യൂണിയൻ പ്രത്യക്ഷ സമരത്തിന്
X

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ലൂ.ജെ) പ്രത്യക്ഷ സമരത്തിന്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്തിന്റെ എല്ലാ പ്രസ്‌ക്ലബുകളിലും കരിദിനം ആചരിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക. വിഷയത്തിൽ തുടർ സമരപരിപാടികളും നടത്താനാണ് സംഘടനയുടെ തീരുമാനം.

കോവിഡ് ബാധിച്ച സിദ്ദീഖിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരാണ് രംഗത്തെത്തിയിട്ടുള്ളത്. സിദ്ദീഖിനെ എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള 11 എംപിമാർ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കത്തു നൽകിയിട്ടുണ്ട്.

'മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല' - കത്തിൽ പറയുന്നു.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് ഭാര്യ റൈഹനത്ത് ആവശ്യപ്പെട്ടു. സിദ്ദിഖിന്റെ ആരോഗ്യം മുഖ്യമന്ത്രിക്ക് സംരക്ഷിക്കാൻ പറ്റുമെന്ന് ഉറപ്പാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.

TAGS :

Next Story