മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവം: സുരേഷ് ഗോപിക്കെതിരെ കെ.യു.ഡബ്ല്യു.ജെ വനിതാ കമ്മീഷന് പരാതി നൽകി
തൊഴിലെടുക്കുന്ന സ്ത്രീകളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കെ.യു.ഡബ്ല്യു.ജെ പരാതിയിൽ പറയുന്നു.
കോഴിക്കോട്: മീഡിയവൺ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഷിദാ ജഗത്തിനെ അപമാനിച്ച നടനും മുൻ എം.പിയുമായ സുരേഷ് ഗോപിക്കെതിരെ കെ.യു.ഡബ്ല്യു.ജെ വനിതാ കമ്മീഷന് പരാതി നൽകി. തൊഴിലെടുക്കുന്ന സ്ത്രീകളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിനെതിരെ കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ പരാതിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി ഷിദയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. സുരേഷ് ഗോപിക്ക് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെക്കുമ്പോൾ അവർ ഒഴിഞ്ഞുമാറുകയും കൈ തട്ടിമാറ്റുകയും ചെയ്തിരുന്നു. എന്നാൽ സമാന പ്രവൃത്തി അദ്ദേഹം വീണ്ടും ആവർത്തിച്ചപ്പോൾ കൈ പിടിച്ചു മാറ്റേണ്ടിവരികയായിരുന്നു.
സുരേഷ് ഗോപിക്കെതിരെ ഷിദ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറിയതായി പൊലീസ് പറഞ്ഞു.
Adjust Story Font
16