തനിക്കെതിരായ സൈബറാക്രമണം കോൺഗ്രസ് നേതാക്കളുടെ അറിവോടെ: കെ.വി തോമസ്
എഐസിസി നിർദേശം തള്ളി സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ നിലപാട് കടുത്ത അച്ചടക്കലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
കൊച്ചി: തനിക്കെതിരെ സൈബറാക്രമണം നടക്കുന്നത് ചില കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണെന്ന് കെ.വി തോമസ്. എന്തിനാണ് തന്നോട് ഇത്ര പകയെന്ന് മനസ്സിലാകുന്നില്ല. തനിക്ക് മാത്രമാണോ പ്രായമുള്ളത്. തന്നെക്കാൾ മുതിർന്ന നേതാക്കൾ പദവികളിലിരിക്കുന്നുണ്ട്. അതിലൊന്നും ആർക്കും പരാതിയില്ല. പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് തിരുവനന്തപുരത്ത് വെച്ച് വ്യക്തമാക്കിയതാണ്. അതിൽ മാറ്റമില്ല, രാജ്യസഭയിലേക്ക് പാർട്ടി നേതൃത്വം തീരുമാനിച്ചാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞത്. അത് വളച്ചൊടിച്ചാണ് തനിക്കെതിരെ പ്രചാരണം നടത്തിയതെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ കെ.വി തോമസ് പറഞ്ഞു.
താൻ പോവുന്നത് സിപിഎം സമ്മേളനത്തിനല്ല. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിലേക്കാണ്. ഗവർണർമാരുടെ നിയമനം പോലുള്ള ദേശീയ വിഷയങ്ങളാണ് സെമിനാർ ചർച്ച ചെയ്യുന്നത്. ഒരിക്കലും കോൺഗ്രസ് വിട്ടുപോവില്ല. സിപിഎം സീറ്റ് തന്നാലും ഇനി മത്സരിക്കാനില്ലെന്ന തന്റെ മുൻ തീരുമാനത്തിൽ മാറ്റമില്ലെന്നും കെ.വി തോമസ് പറഞ്ഞു.
എഐസിസി നിർദേശം തള്ളി സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ നിലപാട് കടുത്ത അച്ചടക്കലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. വാർത്താസമ്മേളനം തന്നെ അച്ചടക്കലംഘനമാണ്. സെമിനാറിൽ പങ്കെടുത്താലും ഇല്ലെങ്കിലും കെ.വി തോമസിനെതിരെ നടപടി ഉറപ്പാണെന്നും സുധാകരൻ പറഞ്ഞു.
Adjust Story Font
16