കെ. വിദ്യ കാലടി സർവകലാശാലയിലുണ്ടെന്ന് കെ.എസ്.യു; മാർച്ചിനിടെ പൊലീസുമായി സംഘർഷം
വ്യാജ രേഖ ചമച്ച കേസിലെ പ്രതിയായ വിദ്യ സര്‍വകലാശാലാ ഹോസ്റ്റലിലുണ്ട് എന്നും വിദ്യയെ അറസ്റ്റ് ചെയ്യണം എന്നുമാവശ്യപ്പെട്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു
കൊച്ചി: മുൻ എസ്.എഫ്.ഐ നേതാവ് കെ വിദ്യയുടെ പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കാലടി ശ്രീ സങ്കരാചര്യ സംസ്‌കൃത സര്‍വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. സംസ്‌കൃത സർവകലാശാലയിലേക്ക് പ്രതിഷേധവുമായി എത്തിയ കെ.എസ്.യു പ്രവർത്തകരെ സർവകലാശാലയുടെ ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ ബാരിക്കേഡ് മറികടക്കാനുള്ള പ്രതിഷേധക്കാരുടെ നീക്കം സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
വ്യാജ രേഖ ചമച്ച കേസിലെ പ്രതിയായ വിദ്യ സര്‍വകലാശാലാ ഹോസ്റ്റലിലുണ്ട് എന്നും വിദ്യയെ അറസ്റ്റ് ചെയ്യണം എന്നുമാവശ്യപ്പെട്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ അടക്കമുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
അതിനിടെ കെ വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തിലെ പരാതികൾ സമഗ്രമായി അന്വേഷിക്കുമെന്ന് കാലടി സംസ്‌കൃത സർവകലാശാലാ അധികൃതര്‍ അറിയിച്ചു. സര്‍വകലാശാല ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു.
2019ലാണ് വിദ്യ കാലടി സംസ്കൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡി പ്രവേശനം നേടിയത്. സംവരണ തത്വങ്ങള്‍ അട്ടിമറിച്ചാണ് സീറ്റ് നല്‍കിയതെന്നാരോപിച്ച് അക്കാലയളവില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. മഹാരാജാസ് കോളജിന്‍റെ വ്യാജരേഖയുണ്ടാക്കി അട്ടപ്പാടി കോളജില്‍ നിയമനത്തിന് ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വിദ്യയുടെ പി.എച്ച്.ഡി ഗൈഡ് ബിച്ചു എക്സ് മലയില്‍ ഗൈഡ് സ്ഥാനത്ത് നിന്നും പിന്മാറിയിരുന്നു.
പിന്മാറ്റം അറിയിച്ച് ബിച്ചു വി.സിക്ക് നല്‍കിയ കത്തിലും വിദ്യയുടെ പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ടിരുന്നു. സര്‍വകലാശാല സ്റ്റാന്‍ഡിംഗ് കമ്മിറ്റി അന്വേഷണം നടത്തി അപാകത കണ്ടെത്തിയാല്‍ വിദ്യയുടെ പി.എച്ച്.ഡി സസ്പെന്‍ഡ് ചെയ്യാനുളള തീരുമാനമുണ്ടായേക്കും. എന്ത് നടപടി സ്വീകരിക്കണമെന്ന വിവരവും ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് വി.സി അറിയിച്ചു. റിപ്പോര്‍ട്ട് അടുത്ത സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ സമര്‍പ്പിക്കും.
വിദ്യയുടെ തട്ടിപ്പ് കണ്ടെത്തിയ അട്ടപാടി ഗവൺമെന്‍റ് കോളജ് ഇന്നലെ രാത്രിയാണ് അഗളി പൊലീസിന് പരാതി നൽകിയത്. മഹാരാജാസ് കോളജിന്‍റെ പരാതിയിൽ വിദ്യക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മൊഴിയും അഗളി പൊലീസിന് കൈമാറി. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും വിദ്യ എവിടെയാണെന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
Adjust Story Font
16