Quantcast

പ്രതിഷേധം കെട്ടടങ്ങും, നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍

ഓൺലൈൻ മീറ്റിങ്ങിലാണ് പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്

MediaOne Logo

Web Desk

  • Updated:

    2021-05-26 07:59:40.0

Published:

26 May 2021 6:39 AM GMT

പ്രതിഷേധം കെട്ടടങ്ങും, നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍
X

ലക്ഷദ്വീപില്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ നിർദേശം. ഇന്നലെ നടന്ന ഓൺലൈൻ മീറ്റിങ്ങിലാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. പ്രതിഷേധം വൈകാതെ കെട്ടടങ്ങുമെന്നാണ് അഡ്മിനിസ്ട്രേറ്റർ യോഗത്തില്‍ പറഞ്ഞത്.

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്ക് എതിരെയുള്ള വിവാദങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുമ്പോഴും തുടങ്ങിവെച്ച നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നു തന്നെയാണ് അഡ്മിനിസ്ട്രേറ്ററുടെ നിലപാട്. നടപടികള്‍ക്കെതിരായ പ്രതിഷേധങ്ങളെ പരിഗണിക്കേണ്ടതില്ലെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മറ്റു സംസ്ഥാനങ്ങളിലുയരുന്ന പ്രതിഷേധങ്ങളും വൈകാതെ കെട്ടടങ്ങുമെന്ന് പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതിനിടെ ലക്ഷദ്വീപിലെ റിക്രൂട്ട്മെൻറുകൾ പുനപ്പരിശോധിക്കാൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി നിര്‍ദേശിച്ചു. നിലവിലുള്ള റിക്രൂട്ട്മെന്റ് കമ്മിറ്റിയിലെ അംഗങ്ങളെ കുറിച്ചും കാലാവധിയും അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ലക്ഷദ്വീപിലേക്ക് സ്ഥലംമാറ്റം ലഭിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത നിര്‍ണയിച്ച് കഴിവ് കുറഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കണം. അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയുടേതാണ് ഉത്തരവ്. എല്ലാ വകുപ്പുതല മേധാവികൾക്കുമാണ് നിർദേശം നല്‍കിയത്.

ഇതിനിടെ നാളെ ലക്ഷദ്വീപില്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നാല് മണിക്ക് ഓണ്‍ലൈനായാണ് യോഗം. ബിജെപി ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തേക്കും.

പ്രഫുൽ പട്ടേലിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദ്വീപ് നിവാസികള്‍ ഭീമഹരജി നല്‍കും. ഒപ്പുശേഖരണം ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റർക്കെതിരെ എൻ.എസ്.യു.ഐ രാഷ്ട്രപതിക്ക് കൂട്ട ഇമെയിൽ അയച്ചു. ദ്വീപ് നിവാസികളുടെ ആശങ്കയും പ്രതിഷേധവും എംപി മുഹമ്മദ് ഫൈസല്‍ കേന്ദ്ര സർക്കാറിനെ ഡല്‍ഹിയിലെത്തി അറിയിക്കും.

TAGS :

Next Story